
ചിറയിൻകീഴ്: ആധുനികതയ്ക്കുള്ള വഴിമാറ്റത്തിൽ ഇന്ന് റേഡിയോ കിയോസ്ക്കുകളുടെ ശബ്ദം പൂർണമായും നിലച്ച നിലയിലാണ്. ഏത് വിവരവും ഇന്ന് മൊബൈലിൽ നിമിഷനേരം കൊണ്ട് എത്തുന്ന രീതിയിൽ ടെക്നോളജി മാറിയതോടെ ചരിത്രത്തിന്റെ തിരുശേഷിപ്പുകളിൽ ഒന്നായി ശാർക്കരയിലെ റേഡിയോ കിയോസ്ക്കും മാറി. പത്രങ്ങൾപോലും അപൂർവമായിരുന്ന നാട്ടിൻപുറങ്ങളിൽ ഒരു കാലഘട്ടത്തിൽ ചിറയിൻകീഴിൽ നാടിന്റെ വിശേഷങ്ങളറിയാനും വിനോദവിജ്ഞാന പരിപാടികൾ കേൾക്കാനുമെല്ലാം പ്രായഭേദമെന്യേ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിയോസ്കിനെയാണ്. പത്രങ്ങൾ നാട്ടിൻപുറങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുന്നതുവരെ റേഡിയോ കിയോസ്കുകളായിരുന്നു പ്രധാന വാർത്ത ഉപാധി. ഒരു ചെറിയ മുറിയിൽ റേഡിയോയും ആംപ്ലിഫയറും ഹോണും സ്ഥാപിച്ചാൽ റേഡിയോ കിയോസ്കായി മാറി.
സംരക്ഷണമില്ല
പതിറ്റാണ്ടുകളോളം ചിറയിൻകീഴിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കെട്ടിടമിന്ന് ബാലാരിഷ്ടതയുടെ പടവുകൾ താണ്ടുകയാണ്. ഇവ സംരക്ഷിക്കാനോ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനോ സാംസ്കാരിക നിലയമാക്കി നിലനിറുത്താനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുമുണ്ടാവുന്നില്ല.
പുതുജീവനേകണം
ശാർക്കരയിൽ ചുട്ടികുത്തുപുരയ്ക്ക് സമീപമായി കെട്ടിയുണ്ടാക്കിയ ഒരു ചെറിയ മുറിയിലാണ് ഇവിടെ റേഡിയോ കിയോസ്ക് പ്രവർത്തിച്ചിരുന്നത്. കാലത്തിന്റെ വളർച്ചയിൽ മാറ്റം ഉൾക്കൊണ്ട് റേഡിയോ കിയോസ്ക് 2000 കാലഘട്ടത്തോടെ വഴിമാറി ടി.വി കിയോസ്കായും ജൈത്രയാത്ര തുടർന്നിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ച് റേഡിയോ കിയോസ്കുകളെ കാലാനുസരണമായി മാറ്റാത്തതിനാൽ ചരിത്ര താളുകളിൽ സ്ഥാനമുറപ്പിച്ച് നാട്ടിൽ മൺമറയലിന്റെ സൈറൺ കാത്തുകിടക്കുന്ന സ്മാരകങ്ങളുടെ പട്ടികയിലേക്ക് റേഡിയോ കിയോസ്കുകളും തള്ളപ്പെട്ടു. ഇതിന് പുതുജീവൻ നൽകി ഈ പൈതൃക സ്മാരകത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.