
തിരുവനന്തപുരം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നേമം സർവീസ് സഹകരണ ബാങ്കിലെ നിലവിലുള്ള ഭരണ സമിതിയെ ഉടൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്ത് സ്വത്തുവകകൾ മരവിപ്പിക്കണമെന്നും നേമം സെക്ടറിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ഫ്രാൻസ്) ആവശ്യപ്പെട്ടു.
ഫ്രാൻസിന്റെ നേതൃത്വത്തിൽ നേമം സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെയും നാട്ടുകാരുടെയും പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ഫ്രാൻസ് രക്ഷാധികാരിയും ബാങ്കിലെ നിക്ഷേപകനുമായ ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.നേമത്തെ ജനങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.
മണ്ണാങ്കൽ രാമചന്ദ്രൻ ധർണയിൽ അദ്ധ്യക്ഷത വഹിച്ചു.ഫ്രാൻസ് ജനറൽ സെക്രട്ടറി ആർ.വിജയൻ നായർ,കൗൺസിലർ എം.ആർ.ഗോപൻ,നിക്ഷേപക കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാൻ,നേമം രാജൻ,ജമീർ ഷഹാബ്,ജയദാസ് സ്റ്റീഫൻസൺ,ശാന്തിവള വിനോദ്,കെ.ബി. ഗോപകുമാർ,സജിതകുമാരി എന്നിവർ സംസാരിച്ചു.