
ആറ്റിങ്ങൽ: ദേശീയപാത 66ന്റെ ഭാഗമായി ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് വേഗതയേറുന്നു. നിരപ്പായ ഭാഗങ്ങൾ വേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി പലയിടത്തേയും മണ്ണ് നീക്കലും പാർശ്വഭിത്തികൾ നിർമ്മിക്കലും എല്ലാം നടക്കുന്നുണ്ട്. നിലവിൽ പാലങ്ങളുടെയും അണ്ടർപാസുകളുടെയും പ്രവർത്തനം നടന്നുവരുന്നു. സർവീസ് റോഡ് മുറിച്ച് കടക്കുന്നിടത്ത് അടിപ്പാതകളുടെ നിർമ്മാണവും ആരംഭിച്ചു. മഴ മാറുന്നതോടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷ. നിലവിലെ ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം ആഴാംകോണത്ത് നിന്നും മാമം വരെയുള്ള 11.150 കിലോമീറ്ററിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്. ദേശീയപാതയ്ക്കൊപ്പം ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമ്മിക്കുന്നുണ്ട്.
നിർമ്മാണച്ചെലവ്... 785 കോടി
2022 ജൂലായ് മാസത്തിൽ ആർ.ഡി.എസ് കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമ്മാണം തുടങ്ങിയത്. 30 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. രാമച്ചംവിളയിൽ നിന്ന് മാമത്തേക്കുള്ള ഒരുകിലോമീറ്ററോളം ഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു.
പ്രതീക്ഷകൾ വാനോളം
ടാറിംഗ് നടത്തി നടുക്ക് ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. തോട്ടവാരം ഭാഗത്ത് മെറ്റലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. തോട്ടവാരത്ത് വാമനപുരം ആറിന് കുറുകെ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ആറ്റിങ്ങലിന്റെ വികസനചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ബൈപ്പാസ് മാറുമെന്നാണ് പ്രതീക്ഷ. നഗരത്തിന് പുറത്തുകൂടിയാണ് കടന്നുപോകുന്നതെങ്കിലും വിളിപ്പാടകലെയാണ് ബൈപ്പാസ്. പുതിയ റോഡ് തുറക്കുന്നതോടെ ആഴാംകോണം മുതൽ മാമം വരെയുള്ള നിലവിലെ ദേശീയപാത സംസ്ഥാനപാതയായി മാറും. അതോടെ ദേശീയപാതയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ നിന്ന് പഴയ റോഡിന്റെ ഭാഗം സ്വതന്ത്രമാകും. ഇത് വ്യാപാരസ്ഥാപനങ്ങൾക്ക് വലിയ ഗുണം ചെയ്യും.
സാദ്ധ്യതകളേറെ
ഗതാഗതത്തിരക്ക് കുറയുന്നതോടെ പാർക്കിംഗ് ഉൾപ്പെടെ നിലവിൽ നഗരം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകും. പുതിയ ദേശീയപാതയുടെ ഇരുവശവും കൂടുതൽ വാണിജ്യവ്യവസായ സ്ഥാപനങ്ങൾ ഇടംപിടിക്കും. ഇത് നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും വലിയ ഗുണമുണ്ടാക്കും. നികുതിയുൾപ്പെടെയുള്ള വരുമാനം ഉയരും. മറ്റിടങ്ങളിൽ നിന്നുള്ള ദീർഘദൂര വാഹനങ്ങൾക്ക് ആറ്റിങ്ങൽ ഇടത്താവളമായി മാറും. ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ വികസനക്കുതിപ്പിന് ആറ്റിങ്ങൽ വേദിയാകും.