പള്ളിക്കൽ: പള്ളിക്കലിലെ ആഴ്ച ചന്തയിലെത്തിയാൽ വിഷമില്ലാത്ത ജൈവ പച്ചക്കറികൾ വാങ്ങാം. കർഷകർ തന്നെ അവരുടെ വിളകൾ നേരിട്ട് ജനങ്ങളിലെത്തിക്കുന്നു എന്നതാണ് പ്രത്യേകത. ഇതിലൂടെ ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ കൂടി ഉറപ്പുവരുത്തുന്നു.

മുമ്പ് വിളകൾ പള്ളിക്കൽ മാർക്കറ്റിൽ എത്തിച്ചായിരുന്നു വിറ്റിരുന്നത്. എന്നാലിപ്പോൾ പഞ്ചായത്തിൽ പകൽക്കുറിയിൽ ശനിയാഴ്ചയും മൂതല മോളിച്ചന്തയിൽ ഞായറാഴ്ചയും ആഴ്ചചന്തകൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ 7ന് തുടങ്ങുന്ന വില്പന 8ഓടെ അവസാനിക്കും. പകൽക്കുറി ചന്തയിലെത്തുന്ന ആദ്യ 50 പേർക്ക് തുണിസഞ്ചി സൗജന്യമാണ്. അതേസമയം പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പൊതുചന്ത വേണമെന്ന പൊതുജനങ്ങളുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി ഗൗരവമായി പരിഗണിക്കുന്നതായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.എസ്. ബിജു അറിയിച്ചു.