photo

പാലോട്: ഒരു നാടിന്റെ കുടിവെള്ള സ്രോതസായ വാമനപുരം നദിയിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കേണ്ടവർ അറിഞ്ഞ ഭാവം കാണിക്കാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. കടകളിൽ നിന്നുള്ള മാലിന്യങ്ങളും ചില സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലെ മാലിന്യവും രാത്രിയിൽ തള്ളുന്നത് വാമനപുരം നദിയിലേക്കാണ്.

ആറ്റിലും ആറ്റിൻകരയിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കേണ്ട പഞ്ചായത്തോ, ആരോഗ്യ പ്രവർത്തകരോ ആരെയോ സംരക്ഷിക്കാനായി കണ്ണടച്ച മട്ടിലാണ്.വാമനപുരം നദിയിലെ വെള്ളം നിരവധി കുടിവെള്ള പദ്ധതികൾക്ക് ഉപയോഗിക്കുന്നുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് നിലവിലുള്ളത്. ആറ്റിന്റെ കരയിലുള്ള കടകൾ, വർക്ക്ഷോപ്പുകൾ, വാഹന സർവീസ് സെന്ററുകൾ തുടങ്ങിയവയിലെ മലിനജലം ഒഴുക്കുന്നതും ഇതേ നദിയിൽ തന്നെയാണ്.

വെള്ളത്തിൽ കോളിഫോം ബാക്ടീരിയ

കോളിഫോം ബാക്ടീരിയയുടെ ഗണ്യമായ സ്വാധീനം ഈ കുടിവെള്ളത്തിൽ ശക്തമാണ്. ഇതിനു പോലും ശാശ്വതമായ പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. ആറ്റിന് സമീപത്തെ പമ്പ് ഹൗസിൽ നിന്ന് ശേഖരിക്കുന്ന വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് പൈപ്പിലൂടെ കുടിവെള്ളമെത്തിക്കുന്നത്. മറ്റ് യാതൊരുവിധ ശുദ്ധീകരണ സംവിധാനവും നിലവിലില്ല. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വാമനപുരം നദി ശുചീകരിക്കാൻ പദ്ധതിയിട്ട് ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ആറിപ്പോഴും മലിനമാണ്.