p

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് ഇനത്തിൽ രണ്ട് വർഷമായി കൊടുക്കാനുള്ള കുടിശിക ആറ് കോടി രൂപ. ഫണ്ടിന്റെ അപര്യാപ്തയാണ് കാരണം.

2022-23 സാമ്പത്തിക വർഷത്തിൽ നാല് കോടിയും 2023-24 വർഷത്തിൽ രണ്ട് കോടിയുമാണ് വിതരണം ചെയ്യാനുള്ളത്. പ്രീമെട്രിക് വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റിന് ഒരു വർഷം 17 മുതൽ 20 കോടി വരെയും പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് 50 കോടിയുമാണ് വേണ്ടത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലംപ്സം ഗ്രാന്റ് നൽകുന്നത്. 2.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ലംപ്സം ഗ്രാന്റ് തുകയുടെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. 2.5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരുടെ മുഴുവൻ തുകയും സംസ്ഥാനം വഹിക്കണം.

കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കിട്ടാൻ പലപ്പോഴും വൈകുന്നതിനാൽ സംസ്ഥാന സർക്കാർ ഇത് വിതരണം ചെയ്തിട്ട് കേന്ദ്ര ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തിരിച്ചെടുക്കുകയാണ് ചെയ്യാറ്. പ്രീമെട്രിക് വിദ്യാർത്ഥികൾക്ക് എൽ.പി 750,​ യു.പി -900,​ എച്ച്.എസ്-1000രൂപ ക്രമത്തിലാണ് ഒരു വർഷത്തെ ലംപ്സം ഗ്രാന്റ്. ഇതിന് പുറമെ പ്രതിമാസം 200 രൂപ വീതം സ്റ്റെപ്പെൻഡും.

കുടിശിക

ഒരാഴ്ചയ്ക്കകം

പോസ്റ്റ് മെട്രിക് വിഭാഗം വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാന്റ് കുടിശിക ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യും. നടപ്പു സാമ്പത്തിക വർഷത്തെ വിതരണത്തിന് സൈറ്റ് വൈകാതെ

തുറക്കും.

-പട്ടിക വർഗ ഡയറക്ടറേറ്റ്