vd-satheesan

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ പോലും തയാറായിട്ടില്ല. ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുനമ്പം വിഷയം രമ്യമായി പരിഹരിക്കരുതെന്ന ഉദ്ദേശ്യം സർക്കാരിനുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും താമസിക്കുന്നവർക്കാണ് അവകാശമെന്നും എല്ലാം മുസ്ലിം സംഘടനകളും പറഞ്ഞിട്ടുണ്ട്. സംഘപരിവാറിന് വേണ്ടി പ്രശ്നം മനപൂർവം സർക്കാർ നീട്ടിക്കൊണ്ട് പോകുകയാണ്.

2013-ൽ ഉമ്മൻ ചാണ്ടി സർക്കാർ സീപ്ലെയിൻ കൊണ്ടുവന്നപ്പോൾ കടലിൽ കൊടികുത്തി സമരം ചെയ്തവരാണ് ഇപ്പോൾ സീപ്ലെയിനിന്റെ പിതാക്കൻമാരാണെന്നു പറയുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോൾ 6000 കോടിയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞ പിണറായി വിജയനാണ് വിഴിഞ്ഞത്ത് പോയി കപ്പൽ നോക്കി ആശ്വാസംകൊള്ളുന്നതെന്നും അദ്ദേഹം പരിഹസിച്ചു.