
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 12 ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഡി.വൈ.എഫ്.ഐ നേതാവ് അദ്ധ്യക്ഷനായ ഇന്റർവ്യൂ ബോർഡ് തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്കെതിരെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഹൈക്കോടതിയിലേക്ക്. റാങ്ക് ലിസ്റ്റ് യു.ജി.സി ചട്ടം ലംഘിച്ചാണ് തയ്യാറാക്കിയതെന്ന് വി.സി സത്യവാങ്മൂലം നൽകും.
യു.ജി.സി ചട്ടപ്രകാരം ഇന്റർവ്യൂ ബോർഡിന്റെ അദ്ധ്യക്ഷൻ വി.സിയോ, വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം. സീനിയർ പ്രൊഫസറെ അദ്ധ്യക്ഷനാക്കണമെന്ന വി.സിയുടെ നിർദ്ദേശം തള്ളിയാണ് സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമായ ജെ.എസ് ഷിജുഖാനെ അദ്ധ്യക്ഷനാക്കിയത്. മുൻകാലങ്ങളിൽ സിൻഡിക്കേറ്റംഗമായിരുന്നു അദ്ധ്യക്ഷനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സിൻഡിക്കേറ്റിലെ സി.പി.എം ഭൂരിപക്ഷത്തിന്റെ ബലത്തിൽ റാങ്ക്ലിസ്റ്റ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചിരുന്നു. ഭരണപക്ഷത്തെ 14പേർ അനുകൂലിച്ചപ്പോൾ രണ്ട് ബിജെപി അംഗങ്ങൾ എതിർത്തു.
ചട്ടലംഘനം ചൂണ്ടിക്കാട്ടി ബി.ജെ.പി. അംഗം പി.എസ്.ഗോപകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലാണ് വി.സി സത്യവാങ്മൂലം നൽകുന്നത്. റാങ്ക് പട്ടിക ഗവർണറുടെ അനുമതിക്ക് അയയ്ക്കാൻ വി.സി തീരുമാനിച്ചിരുന്നെങ്കിലും കേസിൽ ചാൻസലറും കക്ഷിയായതിനാലാണ് കോടതിയിൽ സത്യവാങ്മൂലം നൽകുന്നത്.
ഹൈക്കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. ഇന്റർവ്യൂ വി.സി തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രതിനിധി വൈ.അഹമ്മദ് ഫസൽ പ്രതിഷേധിച്ചു.
ഒരു വർഷത്തേക്കാണ് ഗസ്റ്റ് അദ്ധ്യാപക നിയമനം. 75,000രൂപയാണ് മാസ ശമ്പളം. സ്ഥിരം നിയമനത്തിന്റെ യോഗ്യതകളെല്ലാം ബാധകമാണ്. നിലവിൽ 12ഒഴിവുകളാണെങ്കിലും നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും.
അനദ്ധ്യാപകർ പാടില്ല
അനദ്ധ്യാപകരായ സിൻഡിക്കേറ്റംഗങ്ങൾ അഭിമുഖ സമിതിയിൽ ഉണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. ഷിജുഖാന് അദ്ധ്യാപന പരിചയമില്ല.
വിദ്യാഭ്യാസ വിദഗ്‌ദ്ധൻ എന്ന നിലയിലാണ് സിൻഡിക്കേറ്റിലേക്ക് ഷിജുഖാനെ സർക്കാർ നാമനിർദ്ദേശം ചെയ്തത്.