
പാറശാല: തീരശോഷണം കാരണം കേരളത്തിന്റെ തെക്കേയറ്റമായ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ നിലയിൽ. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കു മുൻപ് തമിഴ്നാട് സർക്കാർ നടത്തിയ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തകർച്ചകൾക്കും യാതനകൾക്കും കാരണമായത്.
അശാസ്ത്രീയ പ്രവർത്തനങ്ങൾക്കെതിരെ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നതിനോ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനോ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പരുത്തിയൂരിൽ കടൽഭിത്തിക്ക് അപ്പുറത്തായി നൂറുമീറ്ററോളം ഉണ്ടായിരുന്ന തീരം ഇപ്പോൾ വെറും അഞ്ച് മീറ്ററോളമായി കുറഞ്ഞിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ കയറ്റി നിറുത്തുന്നതിനോ വലകൾ ഉണക്കുന്നതിനോ വേണ്ടത്ര തീരം ഇല്ലാത്തതിനാൽ മറ്റ് മേഖലകളിലെത്തിയാണ് വള്ളങ്ങൾ പാർക്ക് ചെയ്യുന്നത്. ഓഖി ദുരന്തത്തിന്റെ ഓർമ്മക്കായി ഓഖി പാർക്ക് സ്ഥാപിച്ചെങ്കിലും വേലിയേറ്റങ്ങളിലെ ശക്തമായ തിരമാലകളെ ചെറുക്കൻ കഴിയാത്തതിനാൽ അതും തകർന്നു. വള്ളങ്ങളും വലകളും തകർന്നു, തീരവും വീടുകളും കടലമ്മ കവർന്നു, നാടും നഗരവും തകർന്ന് ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സഹായത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
പാലിക്കാത്ത വാഗ്ദാനങ്ങളുമായി
പ്രദേശത്തെ നാലായിരത്തോളമുള്ള മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഒറ്റക്കെട്ടായി നിരവധി പ്രതിഷേധസമരങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും തീരദേശ സംരക്ഷണത്തിനായി യാതൊന്നും അധികൃതർ ചെയ്തില്ല. പലരും വിവിധ മേഖലകളിലേക്ക് പലായനം ചെയ്തു. ബാക്കിയുള്ളവർ തീരത്ത് തന്നെ കഴിയുന്നുണ്ട്. പൊഴിയൂരിൽ തീരശോഷണത്തിനെതിരെ ശാശ്വത പരിഹാരമായി സർക്കാർ പല പദ്ധതികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും യാതൊന്നും നടപ്പിലായില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
തകർച്ചയിലമർന്ന് ജനങ്ങൾ
കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശറോഡും തിരമാലകളുടെ അലയടികളിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ചിരുന്ന കടൽഭിത്തിയും തകർന്നു, പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾക്ക് വലകൾ ഉണക്കാക്കുന്നതിനായി പൊഴിക്കരയ്ക്കു സമീപം സ്ഥാപിച്ചിരുന്ന ഫിഷ് ലാൻഡിംഗ് കേന്ദ്രം പൂർണമായും തകർന്നു. ഓഖി ദുരന്തത്തിന്റെ ഓർമ്മക്കായി സ്ഥാപിച്ച ഓഖി പാർക്കും തകർന്നു. തീരത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ നിരവധി വീടുകൾ തകർന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രദേശത്തെ ചെറുകിട വ്യവസായങ്ങൾ തകർന്നു, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്.