kvk

വെള്ളനാട്: മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം വെള്ളനാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വെണ്ടയിലെ മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന കൃഷിയിട പരീക്ഷണത്തിന്റെ വിളവെടുപ്പ് ഉത്സവം വെളിയന്നൂരിൽ കെ.വി.കെ മേധാവി ഡോ.ബിനു ജോൺസാം ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ഉല്ലാസ്,പെസ്റ്റ് സ്കൗട്ട് രാജശ്രീ എന്നിവർ കർഷകരോട് സംസാരിച്ചു.
ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ആനക്കൊമ്പൻ വെണ്ടയിൽ മൊസൈക്ക് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കൃഷി വിജ്ഞാന കേന്ദ്രം കൃഷിയിട പരീക്ഷണം നടപ്പിലാക്കിയത്.

ഫുലെവിമുക്ത

മഹാരാഷ്ട്രയിലെ മഹാത്മാഫൂലെ കൃഷി വിദ്യാപീഠ് എന്ന കാർഷിക സർവ്വകലാശാല ഉരുത്തിരിച്ചെടുത്ത ഫൂലേവിമുക്ത എന്ന വെണ്ട ഇനമാണ് മൊസൈക് രോഗത്തെ പ്രതിരോധിക്കുന്നതായി കണ്ടത്. പച്ചനിറം,നല്ല രുചി, മികച്ച സൂക്ഷിപ്പ് കാലാവധി, അത്യുത്പാദനശേഷി തുടങ്ങിയ സവിശേഷതകളുള്ള വെണ്ട ഇനമാണ് ഫുലെവിമുക്ത.
വെള്ളനാട് പഞ്ചായത്തിൽ കിടങ്ങുമ്മേൽ വാർഡിൽ സുജാലയത്തിൽ സുജിത്ത് എന്ന യുവ കർഷകന്റെ കൃഷിയിടത്തിലാണ് കൃഷിയിട പരീക്ഷണം നടത്തിയത്. കെ.വി.കെയിലെ ഹോർട്ടികൾച്ചർ വിഭാഗം സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസാണ് പരീക്ഷണത്തിന്റെ മേൽനോട്ടം വഹിച്ചത്.