
തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇത് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻ കുമാറിന് കൈമാറി.
ഉദ്യോഗസ്ഥർക്കിടയിലും സമൂഹത്തിലും മതസ്പർദ്ധ വളർത്താനുദ്ദേശിച്ചാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നാണ് പരാതി. എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരോ സർക്കാരോ പരാതി നൽകിയാലല്ലാതെ പുറമെ നിന്നുള്ള പരാതി പരിഗണിച്ച് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടുന്നത്. ഗ്രൂപ്പിൽ സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.