
വിഴിഞ്ഞം: മോഷണക്കേസിൽ ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.നെല്ലിക്കുന്ന് സ്വദേശികളായ പ്രഭു (31), രാജൻ(41)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാജനെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒമാരായ അരുൺ പി.മണി രാമു എന്നിവർ ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ജൂൺ 26ന് വിഴിഞ്ഞം പനവിളക്കോട് സ്വദേശി സുരേഷ് കുമാറിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന് ഇലക്ട്രിക് വയറുകൾ,സ്വിച്ച് ബോർഡുകൾ, സീലിംഗ് ഫാൻ,ബൾബുകൾ, ഇലക്ട്രിക് മീറ്റർ ബോർഡ് എന്നിവയും തൊട്ടടുത്തുള്ള പ്രഭാകരന്റെ വീട്ടിലെ മേൽക്കൂര പണിയുന്നതിന് സൂക്ഷിച്ചിരുന്ന 25 പ്ലാസ്റ്റിക് ഷീറ്റുകളും 3 ഫാനുകളും രത്നാകരന്റെ വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകളും സ്വിച്ച് ബോർഡുകളും ബൾബുകളും മുല്ലൂരിൽ ബിനുവിന്റെ വീട്ടിലെ ടോയ്ലെറ്റുകളിലേയും അടുക്കളയിലേയും ഫിറ്റിംഗ്‌സുകളും മോഷ്ടിച്ച സംഭവത്തിനാണ് പ്രതികൾ അറസ്റ്റിലായത്.