തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ വളർത്തുമൃഗങ്ങൾക്കായി പ്രവർത്തനമാരംഭിച്ച കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലിപ്പോൾ പഴയ പ്രതാപമില്ല. ഒ.പി ടിക്കറ്റിന് 50 രൂപ നൽകിയാലും മുറിവ് ഡ്രസ് ചെയ്യണമെങ്കിൽ പഞ്ഞി പോലും പുറത്തുനിന്നും വാങ്ങേണ്ട ഗതികേടാണ്. ഡോക്ടർമാരുടെ കുറവും ഫണ്ടില്ലായ്മയുമാണ് സേവനത്തിന് തടസം. സ്‌കൂട്ടറിടിച്ച് തുടയെല്ല് പൊട്ടിയ പൂച്ചയുമായി മൾട്ടി ആശുപത്രിയിലെത്തിയ നേമത്തെ മൃഗസ്നേഹി വൈകിട്ട് വരെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. 3,000 രൂപയുടെ മരുന്നും വാങ്ങി 850 രൂപ സർവീസ് ചാർജുമായി പിറ്റേന്ന് വന്നാൽ ഓപ്പറേഷൻ നടത്താമെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. ഇതോടെ സ്വകാര്യ വെറ്ററിനറി ക്ളിനിക്കിലെത്തിച്ച് അന്നുതന്നെ പൂച്ചയ്ക്ക് ചികിത്സ നൽകി. 2,000 രൂപ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചെലവായതെന്ന് ഇവർ പറയുന്നു. മൃഗങ്ങൾക്കുള്ള ഡിജിറ്റൽ എക്സറേ,ഇ.സി.ജി,അൾട്രാസൗണ്ട് സ്കാൻ,എൻഡോസ്കോപ്പി എന്നിവയെല്ലാം ആശുപത്രിയിലുണ്ടെങ്കിലും രക്തം പരിശോധിക്കാൻ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒബ്സർവേഷൻ റൂമും ട്രീറ്റ്‌മെന്റ് റൂമും ക്രിട്ടിക്കൽ കെയർ യൂണിറ്റുമുണ്ടെങ്കിലും ഫാർമസി അടച്ചുപൂട്ടിയ നിലയിലാണ്.