കഴക്കൂട്ടം സി.പി.എം കഴക്കൂട്ടം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കമായി. പ്രതിനിധി സമ്മേളനം ശ്രീകാര്യം അനിൽ നഗറിൽ (ടെക്നോപാർക്ക് അൽസാജ് അമരാന്ത ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സ്റ്റാൻലി‍ഡിക്രൂസ് താൽകാലിക അദ്ധ്യക്ഷനായി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം മുതിർന്ന അംഗം വി. കേശവൻകുട്ടി പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. പ്രശാന്ത് രക്തസാക്ഷി പ്രമേയവും സുരേഷ് ബാബു അനുശോചന പ്രമേയവും എസ്.എസ്. ബിജു അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി. സാംബശിവൻ സ്വാ​ഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ഡി. രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ, സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ടി.എൻ. സീമ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ സി. അജയകുമാർ, ബി.പി. മുരളി, എൻ. രതീന്ദ്രൻ, ഡി.കെ. മുരളി എം.എൽ.എ, ജില്ലാ കമ്മിറ്റി അം​ഗം വി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു. സ്റ്റാൻലി‍ ഡിക്രൂസ് കൺവീനറും മേടയിൽ വിക്രമൻ, ടി.എസ്. രേവതി, എസ്.എസ്. വിനോദ്, ആൽവിൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എസ്. പ്രശാന്ത് കൺവീനറായ പ്രമേയം കമ്മിറ്റിയും ​ഗോപകുമാർ കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും എ. നവാസ് കൺവീനറായ മിനിട്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു. എട്ട് ലോക്കലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഏരിയ അം​ഗങ്ങളും ഉൾപ്പെടെ 131 പേർ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ബുധനാഴ്ചയും തുടരും. പൊതുസമ്മേളനം വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.