നെയ്യാറ്റിൻകര: മാരായമുട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന നെയ്യാറ്റിൻകര ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു. ശാസ്താംതല സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിനാണ് കലോത്സവം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ തൂണിൽ നിന്നും ഷോക്കേറ്റത്. കലോത്സവത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി രജിസ്ട്രേഷന് വേണ്ടി കൗണ്ടറിലെത്തിയപ്പോൾ ഷോക്കേറ്റതിന്റെ തരിപ്പ് ഉണ്ടായത് അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു. ഉടനെ അദ്ധ്യാപകർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി.എന്നാൽ പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടതിനെ തുടർന്ന് വിശ്രമിച്ച ശേഷം ഡോക്ടർമാർ കുട്ടിയെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു.