
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലെ അനധികൃത അവധിയിൽ ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്. താല്പര്യമുള്ളവർക്ക് ഇപ്പോൾ തിരികെ വരാമെന്നും മറ്റൊരു അവസരം ഉണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുറത്താക്കൽ നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്.
താത്പര്യമുള്ളവർ 15 ദിവസത്തിനകം വിശദീകരണം നൽകണം.ഡിജിറ്റൽ അപ്ലിക്കേഷൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ. 2016 മുതൽ അനധികൃത അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ ഗ്രേഡ് വൺ തസ്തികകളിലെ ജീവനക്കാരാണ് കൂടുതൽ. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. ഇവർ സർവീസിലുള്ളതിനാൽ പകരം നിയമനം നടത്താനും സാധിക്കില്ല. അതിനാലാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.
മൂന്ന് ആശുപത്രി
ജീവനക്കാർക്ക്
സസ്പെൻഷൻ
പത്തനംതിട്ട: ലൈംഗികച്ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തെന്ന ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതിന് ലേ സെക്രട്ടറിക്കും സസ്പെൻഷൻ. ജൂനിയർ സൂപ്രണ്ട് എം.ബി.ബിജു, ക്ലർക്ക് ജിജി ശ്രീധർ, ലേ സെക്രട്ടറി കെ.ഗീത എന്നിവർക്കെതിരെയാണ് നടപടി.
ആശുപത്രിയിലെ സീനിയർ ക്ലർക്കായ വനിത കഴിഞ്ഞ ഏപ്രിൽ 29നാണ് പരാതി നൽകിയത്. ആശുപത്രി ഇന്റേണൽ കമ്മിറ്റിയിൽ ഏഴ് തവണ വിഷയം അവതരിപ്പിച്ചപ്പോഴും ആരോപണ വിധേയർ മന:പൂർവം ഹാജരായില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. നടപടിയെടുക്കാൻ ലേ സെക്രട്ടറി തയ്യാറായില്ല. മൂന്നു പേർക്കുമെതിരെ ആശുപത്രിയിലെ അഞ്ച് വനിതാ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
പി.വി. അൻവറിനെതിരായ
ഹർജി വിധിപറയാൻ മാറ്റി
കൊച്ചി: ക്രഷർ യൂണിറ്റിൽ പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ പണം തട്ടിയെന്ന കേസ് സിവിൽ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോർട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് മഞ്ചേരി സി.ജെ.എം കോടതി സ്വീകരിച്ചതിനെതിരെ പരാതിക്കാരൻ മലപ്പുറം സ്വദേശി നടുത്തൊടി സലിം നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു വിധി പറയാൻ മാറ്റിയത്.