തിരുവനന്തപുരം: ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതായി പരാതി.വഞ്ചിയൂർ സ്വദേശിയായ യുവതിക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് 10,83,000 രൂപയാണ്.സംഭവത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദ്യം നിക്ഷേപിച്ചപ്പോൾ യുവതിക്ക് 3000 രൂപ ലാഭം ലഭിച്ചു. തുടർന്ന് ഷെയറുകൾ വാങ്ങാൻ ആത്മവിശ്വാസമായി. ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ട്രേഡിംഗ് സംഘം ഇവരെ അംഗമാക്കി. നിക്ഷേപത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഗ്രൂപ്പിൽ നിന്ന് മനസിലാക്കി. തുടർന്ന് വിവിധ അക്കൗണ്ടുകളിലേയ്ക്ക് 10 ലക്ഷം രൂപയോളം അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു.
പല ദിവസങ്ങളിലായാണ് പണം കൈമാറിയത്.ഏഴ് പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ലാഭം കിട്ടിയ പണം അക്കൗണ്ടിൽ നിന്നുമെടുക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ട്രേഡിംഗ് സംഘത്തോട് ചോദിച്ചപ്പോൾ ഇനിയും അഞ്ചുലക്ഷം അടച്ചാൽ മാത്രമെ ലാഭമെടുക്കാനാവൂ എന്ന് പറഞ്ഞതായി യുവതി പറയുന്നു. തുടർന്നാണ് സൈബർ പൊലീസിൽ പരാതിപ്പെടുന്നത്.കുറച്ച് നാൾ മുൻപ് ഇതേ സൈറ്റ് വഴി യുവതി ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങൾ കാരണം നടന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.