palottuvila

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട പാലോട്ടുവിള-അങ്കണവാടി റോ‌‌‌ഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയും റോഡിൽ ഓടയില്ലാത്തതും കാരണം മെറ്റലുകളെല്ലാംഇളകി മാറി കിടക്കുകയാണ്.ഈ റോഡിലാണ് പഞ്ചായത്തിന്റെ ഹൈ-ടെക് അങ്കണവാടിയുള്ളത്. കുഞ്ഞുങ്ങളുമായി അങ്കണവാടിയിലെത്തുന്നവർ അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. ചെറിയൊരു മഴപെയ്താലും റോഡ് വെള്ളക്കെട്ടാകും.

റോഡ് ആരംഭിക്കുന്ന പാലോട്ടുവിള മുതൽ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിനാൽ ഇതുവഴിയുള്ള വാഹന-കാൽനട യാത്രകൾ ദുരിതമെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

റോഡിന്റെ തകർച്ച കാരണം അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്. ഈ റോഡ് കേന്ദ്രീകരിച്ച് ബ്രദറൺ അസംബ്ലീ ഹാൾ,വയോജന കേന്ദ്രം മറ്റ് നിരവധി കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. നിത്യവും നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

യാത്രക്കാർ ബുദ്ധിമുട്ടിൽ

മലയിൻകീഴ്,വിയന്നൂർക്കാവ് ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പമാർഗമാണ് പാലോട്ടുവിള-അങ്കണവാടി റോഡ്. റോഡിന്റെ ദുരവസ്ഥകാരണം വയോജന കേന്ദ്രത്തിലെ അന്ത്യേവാസികൾക്ക് ചികിത്സ ലഭ്യമാക്കാനും ബുദ്ധിമുട്ടുന്നുണ്ട്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളും വിവിധ ജോലികൾക്ക് പോകുന്നവരും ഗർഭിണികളും സമീപവാസികളും ബുദ്ധിമുട്ടിയാണ് ഇതിലൂടെ പോകുന്നത്.

റോഡ് നവീകരിക്കണം
പരിസരവാസികളും വിവിധ സന്നദ്ധ സംഘടനകളും റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം നിവേദനങ്ങൾ നൽകിയിരുന്നു. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴിയുമായപ്പോൾ റോഡിന്റെ ശോചനീയാവസ്ഥ പൂർണമായെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ
അതോറിട്ടി പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.റോഡ് നവീകരിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.