vld-1

വെള്ളറട: വെള്ളറടയിലെ പ്ളാങ്കുടിക്കാവിലെ ടൂറിസം പദ്ധതി വാഗ്ദാനം മാത്രമാകുന്നു. പ്ളാങ്കുടിക്കാവ് ടൂറിസം സാദ്ധ്യതയുള്ള അതിമനോഹരമായ പ്രദേശമാണ്. നിരവധി ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടുമില്ല.

വിദേശികൾ ഉൾപ്പെടെയുള്ള സംഘം പ്ളാങ്കുടിക്കാവ് സന്ദർശിക്കാറുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് ആരംഭിച്ച പ്ളാങ്കുടിക്കാവ് ഇക്കോടൂറിസം പദ്ധതി ഇനിയും ആരംഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി ആദ്യം 10ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം തുടങ്ങി. ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കാനാണ് ആദ്യ പണികൾ തുടങ്ങിയത്. പണി തുടങ്ങി ഏതാനും ദിവസം കഴിയുംമുൻമ്പ് പദ്ധതി തുടങ്ങിയ സ്ഥലം സ്വകാര്യ വ്യക്തി പാറ ഖനനത്തിനായി സർക്കാരിൽ നിന്നും ലീസിനെടുത്തതാണെന്നും ഇവിടെ നിർമ്മാണം നടത്താൻ കഴിയില്ലെന്നും വാദം ഉയർന്നിരുന്നു.

ഇതിനിടയിൽ സ്വകാര്യവ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റേയുമായെത്തി. സ്ഥലം എം.എൽ.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ സഹായം തേടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും ഒന്നും നടന്നില്ല.

കുരുക്കിൽപ്പെട്ട് പദ്ധതി

തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിച്ച് മലയോരത്ത് ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പണികൾ തുടങ്ങിയത്. സ്ഥലം എം.എൽ.എ സി.കെ.ഹരീന്ദ്രൻ ടൂറിസം പദ്ധതിയെ തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. എന്നാൽ സർക്കാർ ലീസിന് നൽകിയ നടപടി പിൻവലിച്ചാലേ സർക്കാർ പുറംപോക്ക് ഇനി ടൂറിസം പദ്ധതിക്ക് ലഭിക്കുകയുള്ളൂ.

പ്രവർത്തനങ്ങൾ വൈകുന്നു

കന്യാകുമാരിയും തൃപ്പരപ്പും കണ്ട് നെയ്യാർഡാമിലേക്ക് പോകുന്ന ടൂറിസ്റ്റുകൾക്ക് മലയോരഭംഗി ആസ്വദിക്കാൻ പ്ളാങ്കുടിക്കാവ് ഇക്കോടൂറിസത്തിന് കഴിയുമായിരുന്നു. നെയ്യാർ ഡാമിലേക്കും പൊൻമുടിയിലേക്കുമെത്താനും എളുപ്പമാണ്. എന്നാൽ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടികൾ തുടങ്ങിയപ്പോൾത്തന്നെ സമീപത്തെ വസ്തു ഉടമ അയാളുടെ വസ്തു അതിക്രമിച്ച് കയറിയെന്നാരോപിച്ച് കോടതിയെ സമീപിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ പ്ളാങ്കുടിക്കാവ് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയൂ. ഇതിനകം പഞ്ചായത്ത് 10 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്.