
കല്ലമ്പലം: നിത്യേന ആയിരത്തിൽപ്പരം ജനങ്ങളാണ് കല്ലമ്പലത്ത് വന്നുപോകുന്നത്. എന്നാൽ പൊതുജനത്തിന് ശങ്കയകറ്റാൻ ഒരുവഴിയുമില്ല. പ്രദേശത്ത് ഒരു ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. ഇതിനായി പുറംമ്പോക്ക് സ്ഥലം ലഭിക്കുന്നതിന് ശ്രമം തുടങ്ങുകയും പലതവണ ജനപ്രതിനിധികൾ താലൂക്ക് സഭയിൽ പ്രശ്നം അവതരിപ്പിക്കുകയും തഹസീൽദാർക്ക് നിവേദനം നൽകുകയും ചെയ്തു. എന്നിട്ടും നടപടിയുണ്ടായില്ല. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം കല്ലമ്പലം പബ്ലിക് മാർക്കറ്റിനുള്ളിൽ സ്ഥലം കണ്ടെത്തി കംഫർട്ട്സ്റ്റേഷൻ നിർമ്മിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിൽ 2013 – 14 ൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. എന്നാൽ യഥാസമയം തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
വാക്കായൊതുങ്ങി വാഗ്ദാനങ്ങൾ
മാർക്കറ്റ് ശുചീകരണത്തിനിടയിൽ ജെ.സി.ബി കയറി പ്രവർത്തനമില്ലാതെ കിടന്ന കംഫർട്ട് സ്റ്റേഷന്റെ സെപ്‌റ്റിക് ടാങ്ക് തകർന്നു. ഇതോടെ ഉദ്ഘാടനം നീണ്ടു. 2015ൽ അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതി ജനരോഷം കണക്കിലെടുത്ത് പുതിയ സെപ്‌റ്റിക് ടാങ്ക് പണിതെങ്കിലും ഉദ്ഘാടനം അനന്തമായി നീണ്ടു. മാറിമാറി വരുന്ന ഭരണസമിതികൾ കംഫർട്ട്സ്റ്റേഷൻ തുറന്നുനൽകുമെന്ന് ഉറപ്പ് നൽകുമെങ്കിലും വാഗ്ദാനങ്ങൾ വെള്ളത്തിൽവരച്ച വരയായി നീളുന്നു.
പ്രതിഷേധവും
2000 മുതൽ താലൂക്ക് സഭകളിൽ കംഫർട്ട് സ്റ്റേഷന് പുറംമ്പോക്ക് സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് നൽകുമെന്ന് ഉറപ്പുനൽകിയ അധികൃതർ വാക്കുപാലിച്ചില്ലെന്നാണ് ആരോപണം. പത്തുവർഷമായി ഇഴഞ്ഞുനീങ്ങുന്ന കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. എത്രയും വേഗം കാടും പടർപ്പും വെട്ടിമാറ്റി കെട്ടിടം വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കണമെന്നാണ് ആവശ്യം.