
തിരുവനന്തപുരം : തദ്ദേശവകുപ്പ് സംയോജനത്തിന് പിന്നാലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) തസ്തിക ഇല്ലാതാക്കിയതിന് പുറമേ സർവീസിലുള്ളവരെ തരംതാഴ്‌ത്തിയെന്ന് ആരോപിച്ച് ജീവനക്കാരിൽ അമർഷം പുകയുന്നു.
അവധിയെടുത്തും നിസഹകരിച്ചും പ്രതിഷേധം കടുപ്പിക്കുകയാണ് ആയിരത്തിലധികം വി.ഇ.ഒമാർ. പ്രശ്നം ജോയിന്റ് കൗൺസിൽ ഏറ്റെടുത്ത് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം ധർണ നടത്തി. ഇത് തുടർന്നാൽ കേന്ദ്രപദ്ധതികളുടെ നിർവഹണം ഉൾപ്പെടെ പ്രതിസന്ധിയിലാകും.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിൽ പ്രവർത്തിച്ച വി.ഇ.ഒമാരെ പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിലേക്ക് മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം.വി.ഇ.ഒമാർ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജർ രേഖപ്പെടുത്തി, അവിടെ നിന്ന് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വാങ്ങി ബ്ലോക്കിൽ നൽകിയാലേ ശമ്പളം അനുവദിക്കൂ എന്ന ഉത്തരവാണ് വി.ഇ.ഒമാരെ പ്രകോപിപ്പിച്ചത്. പിന്നാലെ, പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഓഫീസുള്ള വി.ഇ.ഒമാർ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്ന് ഉത്തരവ് മയപ്പെടുത്തിയെങ്കിലും അമിതജോലി അടിച്ചേൽപ്പിച്ചും ഒഴിവുള്ള വി.ഇ.ഒമാർക്ക് പകരക്കാരെ നിയമിക്കാതെ ഈ ജോലിയും തൊട്ടടുത്ത വി.ഇ.ഒ നിർവഹിക്കേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വകുപ്പ് സംയോജനത്തിലൂടെ എൽ.ഡി ക്ലാർക്കുമാർക്ക് വി.ഇ.ഒ മാരാകാം.ശമ്പളം എൽ.ഡി ക്ലാർക്കിന്റേതാണെങ്കിലും ജോലി പഞ്ചായത്ത് സെക്രട്ടറിയെക്കാൾ കൂടുതലായതിനാൽ ഈ ചുമതലയിലേക്ക് എത്താൻ എൽ.ഡി ക്ലാർക്കുമാർ തയ്യാറായിട്ടില്ല.അതിനാൽ വി.ഇ.ഒമാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിച്ചിട്ടുമില്ല.
ഫീൽഡിൽ ഇറങ്ങണം,
ജോലികൾ പലത് !
തൊഴിലുറപ്പ്, വാർദ്ധക്യ പെൻഷൻ, പി.എം.എ.വൈ വീടുകളുടെ പരിശോധനയും ജിയോ ടാഗിംഗും ഉൾപ്പെടെ നിരവധി ഫീൽഡ് പ്രവർത്തനങ്ങൾ ചെയ്യുന്നത് വി.ഇ.ഒ മാരാണ്. ലൈഫ്, അതിദാരിദ്ര്യം നിർമ്മാർജനം, സ്വയംതൊഴിൽ, ദാരിദ്യ നിർമ്മാർജ്ജനം, പി.എം.കെ.എസ്.വൈ, കിണർ റീചാർജ് തുടങ്ങിയ കൃഷി ഭൂജല വികസന പദ്ധതികൾ, ഹരിതകർമ്മസേന, ടോയ്ലറ്റ് നിർമ്മാണം,ടോയ്ലറ്റ് റിട്രോഫിറ്റിംഗ്, മാലിന്യ സംസ്‌കരണ ഉപാധി വിതരണം തുടങ്ങിയ ശുചിത്വ പദ്ധതികളുടെ നിർവഹണം, വിവരാവകാശമടക്കം നിരവധി അപേക്ഷകളും സാക്ഷ്യപത്രങ്ങളും നൽകൽ തുടങ്ങിയവയാണ് മറ്റ് ജോലികൾ.
വി.ഇ.ഒമാർ 1965
തിരുവനന്തപുരം................158
കൊല്ലം...................................154
പത്തനംതിട്ട........................109
ആലപ്പുഴ.................................151
ഇടുക്കി....................................102
കോട്ടയം...............................140
എറണാകുളം.....................184
തൃശൂർ................................195
പാലക്കാട്...........................173
മലപ്പുറം.................................189
കോഴിക്കോട്......................146
വയനാട്..............................46
കണ്ണൂർ.................................142
കാസർകോട്........................76