
തിരുവനന്തപുരം: വർഷങ്ങൾക്കു മുൻപ് കമ്മ്യൂണിസ്റ്റെന്ന് മുദ്രകുത്തി കേന്ദ്ര സർവീസിൽ നിന്ന് പുറത്താക്കിയതാണ് ആലപ്പുഴ കായംകുളം സ്വദേശിയും അഭിഭാഷകനുമായ ആർ.മനോഹരനെ. ഇപ്പോൾ പ്രായം 76. തന്നെപ്പോലെ പുറത്താക്കപ്പെട്ടവരെ പുനഃരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ കാൽനടയാത്ര പൂർത്തിയാക്കിയിരിക്കുകയാണ് മനോഹരൻ.
ആഗസ്റ്റ് 15ന് കാസർകോട് നിന്ന് യാത്ര ആരംഭിച്ച മനോഹരൻ ഇന്നലെ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസമിരിക്കും.ഇന്ത്യൻ ആർമിയിലെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിൽ ജനറൽ ഡ്യൂട്ടി ക്ലർക്കായിരുന്നു മനോഹരൻ.കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായതിനാൽ 1971ൽ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.തുടർന്ന് ആദായനികുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സമാനകാരണത്താൽ പുറത്താക്കപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ കൂലിപ്പണി ചെയ്തു. വിവിധ കോഴ്സുകൾ പഠിച്ചു. കുറച്ചുവർഷം മസ്കറ്റിലായിരുന്നു. തിരിച്ചെത്തിയ ശേഷം നിയമത്തിൽ ബിരുദമെടുത്തു. നിലവിൽ കായംകുളം,മാവേലിക്കര കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. 2023ൽ ഭാര്യ ലളിത മരിച്ച ശേഷമാണ് സമരരംഗത്തേക്ക് ഇറങ്ങുന്നത്.
'തന്റെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതുവരെ സമരവുമായി മുന്നോട്ടുപോകും.സെപ്തംബർ 23നായിരുന്നു ജന്മദിനം. മലപ്പുറത്തു നിന്ന് പാലക്കാട്ടേക്ക് കടക്കുന്നതിനിടെയാണ് ഒരു വയസ് കൂടിയത്.' മനോഹരൻ പറയുന്നു.നാളെ മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകും. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഉപവാസയോഗത്തിൽ സംവിധായകൻ പി.ശ്രീകുമാർ,മുൻമന്ത്രി സി.ദിവാകരൻ,പ്രൊഫ.ശിവപ്രസാദ്, പി.കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.