തിരുവനന്തപുരം: വഴിയിൽ അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ച് കിടക്കുന്നവരെ മടിയില്ലാതെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷകരാകുന്നത് ഓട്ടോ ഡ്രൈവർമാരാണെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ പറഞ്ഞു. ഇഞ്ചയ്ക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ പ്രമേഹദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓട്ടോ തൊഴിലാളികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗികളെയെടുക്കാനും ആശുപത്രിയിലെത്തിക്കാനും ഇവർക്ക് പരിശീലനം നൽകണം.അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകുന്നത് വലിയ സ്വപ്നമാണ്.ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്ന സർക്കുലർ ഉടൻ പുറത്തിറക്കും.ഇത്തരത്തിൽ നിയമമിറക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. അപകടം നടന്ന സ്ഥലത്തു നിന്ന് തൊട്ടടുത്ത ആശുപത്രി വരെ അപകടത്തിൽപ്പെട്ടയാളെ സൗജന്യമായി ആംബുലൻസ് ഡ്രൈവർമാർ എത്തിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികൾക്കും ക്യാൻസർ രോഗികൾക്കും കിലോമീറ്ററിന് രണ്ടുരൂപ കുറയ്ക്കും. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആംബുലൻസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരും. ഊബർ പോലെ ഇവ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടോ ഡ്രൈവർമാർക്ക് എസ്.പി മെഡിഫോർട്ട് ഏർപ്പെടുത്തിയ സമ്മാനം മന്ത്രി വിതരണം ചെയ്തു.എസ്.പി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.പി.അശോകൻ,ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്മണ്യൻ,ദേവീ ഫാർമ സ്ഥാപകൻ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.