തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ എൽ.പി മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള കാൽലക്ഷം കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ ശിശുദിനറാലി ഇന്ന് തലസ്ഥാനത്ത് സംഘടിപ്പിക്കും.പെൺകുട്ടികൾ നയിക്കുന്ന റാലിയെന്ന പ്രത്യേകതയുണ്ട്.രാവിലെ 8.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി ജി.ആർ.അനിൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ ഹോമുകളിലെ കുട്ടികളും ഭിന്നശേഷി കുട്ടികൾക്കായുള്ള വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂൾ, ശ്രീചിത്രാഹോം, പിന്നാക്ക മേഖലയിലെ പ്രത്യേക സ്‌കൂളുകളിലെ കുട്ടികളും അണിചേരും.നിശാഗന്ധിയിൽ സമാപിക്കുന്ന റാലിയെ തുടർന്ന് പൊതുസമ്മേളനം 9.30ന് കുട്ടികളുടെ പ്രധാനമന്ത്രി ബഹിയ ഫാത്തിമ (കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് സ്‌കൂൾ) ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അമാന ഫാത്തിമ (നെടുമങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി ഫോർ ഗേൾസ് സ്‌കൂൾ) അദ്ധ്യക്ഷയാകുന്ന ചടങ്ങിൽ സ്പീക്കർ നിധി പി.എ(വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ) മുഖ്യപ്രഭാഷണം നടത്തും. തൃശൂർ വൈലത്തൂർ എസ്.എച്ച്.സി.എൽ.പി.എസിലെ ആൻ എലിസബത്ത് വി.എസ്.സ്വാഗതവും വയനാട് ദ്വാരക എ.യു.പി സ്‌കൂളിലെ ആൽഫിയ മനു നന്ദിയും പറയും. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വീണാജോർജ്,വി.ശിവൻകുട്ടി എന്നിവർ ശിശുദിനസന്ദേശം നൽകും.മന്ത്രി വീണാ ജോർജ്ജ് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപിക്ക് ശിശുദിന സ്റ്റാമ്പ് നൽകി പ്രകാശനം ചെയ്യും.സ്റ്റാമ്പിനുള്ള ചിത്രം വരച്ച കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി വി.തന്മയയ്ക്കും സ്‌കൂളിനുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.മേയർ ആര്യാരാജേന്ദ്രൻ,എം.എൽ.എമാരായ വി.ജോയി,വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.