
തിരുവനന്തപുരം: കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്ന് മൃഗ കൈമാറ്റ പദ്ധതി വഴി തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. മൂന്ന് കഴുതപ്പുലികൾ,രണ്ട് കുറുനരികൾ,രണ്ട് മാർഷ് മുതലകൾ,രണ്ട് മരപ്പട്ടികൾ എന്നിവയെയാണ് ഇന്നലെയെത്തിച്ചത്.
ഇവയ്ക്ക് പകരമായി നാല് റിയ പക്ഷികൾ,ആറ് സൺ കോണ്വർ തത്തകൾ,രണ്ട് മീൻ മുതലകൾ,ഒരു കഴുതപ്പുലി,നാല് മുള്ളൻ പന്നികൾ എന്നിവയെ ശിവമോഗ സുവോളജിക്കൽ പാർക്കിലേക്ക് നൽകും. കൊണ്ടുവന്ന മൃഗങ്ങളെ മൃഗശാല വെറ്ററിനറി സർജൻ പരിശോധിച്ച് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇനി 21 ദിവസത്തെ ക്വാറന്റൈനുശേഷം ഇവയെ കാഴ്ചക്കാർക്ക് കാണാവുന്ന സാധാരണ കൂടുകളിലേക്ക് മാറ്റും. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ പ്രതികരിച്ചു.
ആകെ 91 ഇനം ജീവിവർഗങ്ങളുള്ള വലിയ ഗണത്തിൽപ്പെടുന്ന മൃഗശാലയാണ് തിരുവനന്തപുരത്തേത്. ഇപ്പോ എത്തിച്ച മൃഗങ്ങൾ കൂടിയാകുമ്പോൾ 94 ഇനങ്ങളാകും.
അനക്കോണ്ടകളും സിംഹവുമെത്തും
മൃഗശാലയിലേക്ക് കൂടുതൽ മൃഗങ്ങളെയെത്തിക്കുന്ന ചർച്ചകൾ അവസാനഘട്ടത്തിലാണ്.ഇതിൽ ചെന്നൈ വണ്ടല്ലൂർ സൂവുമായുള്ള എക്സ്‌ചേഞ്ച് നടപടിക്രമങ്ങൾ ഏറക്കുറെ പൂർത്തിയായെന്നും ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു. അവിടുന്ന് ഒരു സിംഹം,രണ്ട് ചെന്നായ്ക്കൾ,രണ്ട് വെള്ള മയിലുകൾ,ആറ് മഞ്ഞ അനക്കോണ്ടകൾ എന്നിവയെയാണ് എത്തിക്കുക. ഇതിനുപുറമെ ജിറാഫ്,സീബ്രാ എന്നിവയെ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും നടക്കുന്നുണ്ട്. അതുകൂടി പൂർത്തിയാകുന്നതോടെ നൂറിലധികം ജീവിവർഗങ്ങളുള്ള മൃഗശാലയായി തിരുവനന്തപുരത്തേത് മാറും.