നെടുമങ്ങാട്: ആനാട് മൃഗാശുപത്രി പനവൂരിലേക്ക് മാറ്റിയത് പ്രദേശത്തെ ക്ഷീര കർഷകർക്കു തിരിച്ചടിയായി. കനത്ത മഴയിൽ ആനാട് തോടു കരകവിഞ്ഞ് കെട്ടിടത്തിൽ വെള്ളം കയറിയതോടെയാണ് മൃഗാശുപത്രി മാറ്റിയത്. തോടിനു കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച പാലവും പാർശ്വഭിത്തിയുമാണ് മൃഗാശുപത്രിയിലും സമീപത്തെ മാർക്കറ്റിലും വീടുകളിലും വെള്ളം കയറാൻ കാരണമെന്നും പരാതിയുണ്ട്. ആശുപത്രിയെ ആശ്രയിച്ചിരുന്ന ക്ഷീര കർഷകർ നെട്ടോട്ടത്തിലാണ്. മൃഗാശുപത്രി ആനാട് നിലനിറുത്തുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു.

മൃഗാശുപത്രി മാറ്റിയ നടപടി കൂടിയാലോചനയില്ലാതെ വകുപ്പുതലത്തിൽ എടുത്ത തീരുമാനമാണെന്നും തോട്ടിലെ മണ്ണു നീക്കി ആഴം കൂട്ടാനും അശാസ്ത്രീയമായി നിർമ്മിച്ച പാലം നീക്കം ചെയ്ത് മൃഗാശുപത്രി സംരക്ഷിക്കാനും ഗ്രാമപഞ്ചായത്ത് സത്വര നടപടി സ്വീകരിച്ചതായും പ്രസിഡന്റ് എൻ.ശ്രീകല അറിയിച്ചു.