loka

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മൈസൂരിലെ ഭൂമിയിടപാട് കേസിൽ ചോദ്യംചെയ്ത് കർണാടക ലോകായുക്ത അഴിമതിവിരുദ്ധ പോരാട്ടം കടുപ്പിക്കവേ, അഴിമതിപ്പോരാട്ടം നടത്താനാവാതെ കിതയ്ക്കുകയാണ് കേരള ലോകായുക്ത. തന്നേക്കാൾ ഏഴുവർഷം ജൂനിയറായ റിട്ട. ഹൈക്കോടതി ജഡ്ജിയെ ലോകായുക്തയാക്കിയതിൽ പ്രതിഷേധിച്ച് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ-അൽ-റഷീദ് രാജിവച്ചതോടെ, ലോകായുക്തയായ ജസ്റ്റിസ് എൻ. അനിൽകുമാർ മാത്രമായി ചുരുങ്ങി. ഇതോടെ ലോകായുക്തയിൽ ഡിവിഷൻ ബഞ്ച് ഇല്ലാതായി. ലോകായുക്തയും ഉപലോകായുക്തയും ചേർന്ന ഡിവിഷൻ ബഞ്ചാണ് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരായ അഴിമതിക്കേസുകൾ വിചാരണ ചെയ്യേണ്ടത്. ഇതോടെ ഉന്നതർക്കെതിരേ കേസുകളിൽ ഒരു നടപടിയുമുണ്ടാവില്ലെന്ന് ഉറപ്പായി. വമ്പന്മാർക്കെതിരേ കേസോ അന്വേഷണമോ വിചാരണയോ ഇല്ലാതെ വെറും കടലാസു പുലിയായി മാറിയിരിക്കുകയാണ് ലോകായുക്ത.

അധികാരം

വെട്ടിക്കുറച്ചു

നിയമഭേദഗതിയിലൂടെ അധികാരം വെട്ടിക്കുറച്ചതു കാരണം കേസുകൾ കുറഞ്ഞ് പല്ലുകൊഴിഞ്ഞ സ്ഥിതിയിലാണ് ലോകായുക്ത. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാനുള്ള അധികാരം നിയമഭേദഗതിയിലൂടെ ഇല്ലാതാക്കിയതാണ് ലോകായുക്തയുടെ പല്ലുകൊഴിച്ചത്. ഇതോടെ ലോകായുക്ത ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിലവാരത്തിലായി. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകൾ സർക്കാരിന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ആരോപണം തെളിയുകയും പദവിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത ഉത്തരവിടുകയും ചെയ്താൽ പൊതുസേവകർ ഉടൻ രാജിവയ്ക്കണമെന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്തയുടെ ഇത്തരം ഉത്തരവുകൾ മുഖ്യമന്ത്രിക്കും നിയമസഭയ്‌ക്കും സ്പീക്കർക്കും തള്ളാം. ലോകായുക്തയുടെ ജുഡിഷ്യൽ ഉത്തരവിന്റെ ശരിയും തെറ്റും ഭരണസംവിധാനത്തിന് തീരുമാനിക്കാം എന്ന സ്ഥിതിയായി.

കേസുകളിലും കുറവ്

പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവുന്ന ഏക സംവിധാനമാണ് ലോകായുക്ത. വിജിലൻസിനും വിജിലൻസ് കോടതിക്കുമെല്ലാം സർക്കാർ അനുമതി വേണം. പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതിയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും പണച്ചെലവില്ലാതെ നിയമപോരാട്ടം നടത്താനുമുള്ള സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങൾ നിയമഭേദഗതിയിലൂടെ സർക്കാർ വെട്ടിക്കുറച്ചതോടെ കേസുകളും കുത്തനേ കുറഞ്ഞു.

ലോകായുക്തയുടെ ഓഫീസ് പ്രവർത്തനത്തിന് പ്രതിവർഷം 4.08കോടിയാണ് ചെലവിടുന്നത്. അഴിമതി, സ്വജനപക്ഷപാതം, ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്യൽ, പൊതുസേവകരുടെ ദുർഭരണം, നീതിനിഷേധം, സ്വഭാവനിഷ്ഠയില്ലാത്ത പ്രവൃത്തികൾ, അഴിമതിക്കോ സ്വാർത്ഥതാത്പര്യത്തിനോ പദവി ഉപയോഗിക്കൽ എന്നീ പരാതികളിൽ അന്വേഷണത്തിനും വിചാരണയ്ക്കും അധികാരമുണ്ട്. നിയമഭേദഗതി പ്രകാരം ലോകായുക്തയാവാൻ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ വേണ്ട. പകരം വിരമിച്ച ഹൈക്കോടതി ജഡ്ജി മതി. ലോകായുക്തയിൽ ജഡ്ജിമാർക്ക് സേവനത്തിന് പ്രായപരിധിയില്ലായിരുന്നു. ഭേദഗതിയിലൂടെ 70വയസാക്കിയിട്ടുണ്ട്.

നിയമനങ്ങൾ

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ

അതിനിടെ, ലോകായുക്തയിൽ നിയമനങ്ങൾക്ക് കൊണ്ടുവന്ന സ്പെഷ്യൽ റൂൾ പി.എസ്.സിയുടെ പരിഗണനയിലാണ്. നിലവിൽ ലോകായുക്തയിലെ ജീവനക്കാരെല്ലാം സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഡെപ്യൂട്ടേഷനിലാണ്. ഇതിനുപകരം ലോകായുക്ത സർവീസ് കൊണ്ടുവരാനാണ് സ്പെഷ്യൽ റൂൾ. നിയമനം പി.എസ്.സിക്ക് വിടാൻ വ്യവസ്ഥയുണ്ടാവുമെങ്കിലും, നിലവിൽ നാലു വർഷമായി ഡെപ്യൂട്ടേഷനിലുള്ളവരെ ലോകായുക്ത സർവീസിൽ സ്ഥിരപ്പെടുത്തും. ഇതോടെ, സർക്കാരിന്റെ ഇഷ്ടക്കാർക്ക് ലോകായുക്തയിൽ സ്ഥിരംനിയമനം കിട്ടും. ആസ്ഥാനം തിരുവനന്തപുരമായതിനാൽ ജില്ലകളിലേക്കോ വകുപ്പുകളിലേക്കോ സ്ഥലം മാറ്റവുമില്ല. ശമ്പളത്തിനായി 8.03കോടി രൂപയാണ് ബഡ്ജറ്റ് വിഹിതം. കോർട്ട് ഓഫീസർ, സെക്ഷൻ ഓഫീസർ, സീനിയർഗ്രേഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, അറ്റൻഡർമാർ, അന്വേഷണ ഏജൻസിയിലെ എ.ഡി.ജി.പി, എസ്.പി, രണ്ട് ഡിവൈ.എസ്.പിമാർ, മൂന്ന് ഇൻസ്പെക്ടർമാർ, മൂന്ന് സി.പി.ഒമാർ അടക്കം 91തസ്തികകളാണ് നിലവിലുള്ളത്. ഇതെല്ലാം ഡെപ്യൂട്ടേഷനാണ്.

കർണാടക ലോകായുക്തയിൽ 1800തസ്തികകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ റൂളുണ്ടാവുമ്പോൾ കൂടുതൽ തസ്തികകൾ അംഗീകരിപ്പിക്കാനാണ് നീക്കം. ജില്ലാജഡ്ജി രജിസ്ട്രാറും സബ്‌ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായി അർദ്ധജുഡിഷ്യൽ അധികാരം ലോകായുക്തയ്ക്കുണ്ടായിരുന്നു. എന്നാൽ ജഡ്ജിമാരെയെല്ലാം ഹൈക്കോടതി തിരിച്ചുവിളിച്ചതോടെ വിരമിച്ചവരെ ചുമലയേൽപ്പിക്കണം. ലോകായുക്ത, രണ്ട് ഉപലോകായുക്തമാർ എന്നിവർക്ക് പേഴ്സണൽ സ്റ്റാഫുകളുണ്ടെങ്കിലും അവരുടെ കാലാവധി തീരുന്നതോടെ പുറത്താവുന്ന കോ-ടെർമിനസ് വ്യവസ്ഥയിലാണ് നിയമനം. സ്പെഷ്യൽറൂൾ വരുന്നതോടെ താത്കാലികക്കാരെയും സ്ഥിരപ്പെടുത്താൻ കഴിയും.

കേസുകൾ താഴേക്ക്

2016-------1264

2017-------1673

2018-------1578

2019-------1057

2020-------205

2021-------227

2022-------305

2023-------197