മലയിൻകീഴ്: മൂക്കുന്നിമല ഫയറിംഗ് സ്റ്റേഷനിൽ നിന്ന് വെടിയുണ്ട പതിച്ച വിളവൂർക്കൽ പഞ്ചായത്തിലെ മൂന്ന് വീടുകളും ഫയറിംഗ് കേന്ദ്രവും ആർ.ഡി.ഒ ജയകുമാറിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 3 ഓടെ എത്തിയ ആർ.ഡി.ഒ കൊച്ചുപൊറ്റ ലക്ഷംവീട് കോളനിയിൽ കലയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വീടിന്റെ വരാന്തയിലാണ് വെടിയുണ്ട പതിച്ചതെന്നും എപ്പോഴും കുടുംബസമേതം വരാന്തയിൽ ഇരിക്കാറുണ്ടെന്നും അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്നും കല ആർ.ഡി.ഒയോട് പറഞ്ഞു. വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും താമസിക്കുന്ന വാടകവീടും ആർ.ഡി.ഒ സന്ദർശിച്ചു. മകൾ സഞ്ജനയേയും കൊണ്ട് ആനന്ദും ഭാര്യ ശരണ്യയും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് സോഫായിൽനിന്ന് വെടിയുണ്ട കണ്ടതെന്നും അതിനു ശേഷമാണ് മേൽക്കൂര തുളച്ചനിലയിൽ കാണപ്പെട്ടതെന്നും ആനന്ദ് ആർ.ഡി.ഒയെ അറിയിച്ചു. ഇവരുടെ വീടിന് സമീപത്തെ സുധേവനോടും വെടിയുണ്ട കണ്ടെത്തിയതിനെക്കുറിച്ച് വിവരങ്ങൾ തിരക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് നടത്തിയ പരിശീലനത്തിലാണ് നാല് വെടിയുണ്ടകൾ ലക്ഷ്യം തെറ്റി ജനവാസ മേഖലയിലും വീടിനകത്തും പതിച്ചത്. ആർ.ഡി.ഒയോടൊപ്പം തഹസീൽദാർ ജെ.അനിൽകുമാർ,ഡെപ്യൂട്ടി തഹസീൽദാർ ഗോപകുമാർ,വിളവൂർക്കൽ വില്ലേജ് ഓഫീസർ രാജേഷ്, ആർ.ഡി.ഒ ഓഫീസ് സൂപ്രണ്ട് ജയചന്ദ്രൻ, മലയിൻകീഴ് സി.ഐ.എന്നിവരുമുണ്ടായിരുന്നു. വൈകുന്നേരം 5ഓടെ സംഘം മടങ്ങി. അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്നു ആർ.ഡി.ഒ കെ.പി. ജയകുമാർ അറിയിച്ചു.