prasanth

തിരുവനന്തപുരം : അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഷനിലായിട്ടും അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ.ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെ വിമർശനം തുടർന്ന് എൻ.പ്രശാന്ത്. ഇന്നലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇരുവരെയും പേരെടുത്ത് പറഞ്ഞ് വീണ്ടും വിമർശിച്ചിരിക്കുന്നത്.

താൻ എം.ഡിയായിരുന്ന കാംകോയിലെ ജീവനക്കാരെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പിലാണ് മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയെന്ന തരത്തിൽ അവരുടെ പേരെടുത്ത് വീണ്ടും വിമർശിച്ചത്. വിഷയത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലും ചേരിതിരിവുണ്ട്. യുവ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം പ്രശാന്തിനൊപ്പമാണെന്നാണ് വിവരം. അദ്ദേഹത്തിനെതിരെ എടുത്ത നടപടിയിലും ഉദ്യോഗസ്ഥർക്കിടയിൽ അതൃപ്തിയുണ്ട്.

മല്ലു ഹിന്ദു വാടാസ്പ് ഗ്രൂപ്പ് വിവാദം ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നതായും ദിവസങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് മുതിർന്നതെന്നും സംസാരമുണ്ട്. രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും വിവിധ വിഷയങ്ങളിൽ അച്ചടക്ക നടപടി സ്വീകരിച്ചതിനാൽ , ഇക്കാര്യത്തിൽ ഐ.എ.എസ് അസോസിയേഷൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം അച്ചടക്ക നടപടിയിലൂടെ സ്ഥിരീകരിച്ചിട്ടും കേസെടുത്ത് അന്വേഷിക്കാൻ പൊലീസോ വകുപ്പ് തല അന്വേഷണത്തിന് സർക്കാരോ ഇത് വരെ തയ്യാറായിട്ടില്ല. ഫോൺ ഹാക്കിംഗ് ആരോപണം ചീഫ് സെക്രട്ടറി തള്ളിയ നിലയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പിന് പിന്നിലുള്ള കാര്യങ്ങളുടെ നിജസ്ഥിതി എങ്ങനെ വെളിപ്പെടുമെന്നതിലും ഉത്തരമില്ല.