തിരുവനന്തപുരം: മ്യൂസിയത്തും കനകക്കുന്നിലും നടക്കാനിറങ്ങുന്നവരും പ്രഭാത സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവരും ഇപ്പോൾ പരസ്പരം പറയുന്നത് ഒരു കാര്യം, പട്ടിയുണ്ട്; കടികിട്ടാതെ സൂക്ഷിച്ചോണം. അത്രയ്ക്ക് ആശങ്കപ്പെടുത്തുന്നതാണ് ഈ പാർക്കുകൾക്കുള്ളിലും ചുറ്റുവട്ടത്തും കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ.
മ്യൂസിയത്തിലെ റേഡിയോ മണ്ഡപത്തിന് മുന്നിലെ ബെഞ്ചിലിരിക്കുന്നവർ പോലും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.ഇതുമൂലം കുഞ്ഞുങ്ങളും പ്രായമായവർക്കുമൊപ്പം എത്തുന്നവർക്ക് അവിടെ സമയം ചെലവഴിക്കാനാകുന്നില്ല. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് നായ്ക്കളുടെ ആക്രമണം നിരന്തരമുണ്ടാകുന്നത്. ഇടവഴികളിലൂടെ നടക്കുന്ന പ്രായമേറിയവരെയും സ്ത്രീകളെയും കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ വെറുതെ വിടാറില്ല.നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പരാതിപ്പെട്ടാലും അധികൃതരും നഗരസഭ ജീവനക്കാരും ഇവയെ ഓടിച്ചുവിടാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
പകൽ സമയങ്ങളിൽ പാർക്കുകൾക്കുള്ളിലും മൃഗശാല പരിസരത്തുമായി കറങ്ങിനടക്കുന്ന നായ്ക്കൾ രാത്രിയാകുന്നതോടെ കൂട്ടത്തോടെ റോഡുകളിലേക്ക് ഇറങ്ങുന്നത് വഴിയാത്രക്കാർക്കും പ്രശ്നമുണ്ടാക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഡോഗ് ക്യാച്ചർമാരും വാഹനവുമുണ്ടെങ്കിലും ഇവയെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാറില്ലെന്നാണ് പരാതി.
ഇറച്ചിയവശിഷ്ടങ്ങൾ ധാരാളം
ചിലർ ഇറച്ചി അവശിഷ്ടങ്ങളടക്കം നൽകുന്നതിനാലാണ് തെരുവുനായ്ക്കൾ ആക്രമണകാരികളാകുന്നതെന്ന് നഗരസഭ അധികൃതർ പറയുന്നു. ചിക്കൻ സെന്ററുകളിൽ നിന്ന് ശേഖരിക്കുന്ന കോഴിക്കാലുകളും മറ്റും സി.സി ടിവികളും ലൈറ്റും ഒന്നുമില്ലാത്ത സ്ഥലങ്ങളിലെത്തിച്ച് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കും.അല്ലാത്ത ഭാഗങ്ങളിൽ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിയിലേക്കാണ് ഇവ ഇട്ടുകൊടുക്കുക. എസ്.എ.പി ക്യാമ്പിന്റെ പരിസരങ്ങളിലും കനക നഗറിലേക്കുള്ള റോഡരികിലും ഇത്തരത്തിലുള്ള സ്പോട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് നായ്ക്കൾ കൂട്ടമായി എത്താറുള്ളതെന്നും ജീവനക്കാർ പറയുന്നു.
മൃഗസ്നേഹികളുടെ ഇടപെടൽ
ആക്രമണകാരികളായ നായ്ക്കളെ പിടികൂടിയാലും വന്ധ്യംകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്ന് നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം ഇവയെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളൊന്നും നിലവിലില്ല. പിടികൂടുന്നവയെ വന്ധ്യംകരിച്ച് പിടിച്ചിടത്തുതന്നെ കൊണ്ടുവിടണമെന്നാണ് മൃഗസ്നേഹികൾ ആവശ്യപ്പെടുന്നത്. അല്ലാതുള്ള നടപടികളുണ്ടായാൽ കേന്ദ്ര സർക്കാരിൽ നിന്ന് അന്വേഷണവും മറ്റ് നടപടികളും നേരിടേണ്ടിവരും. ഇറച്ചിയവശിഷ്ടങ്ങൾ എത്തിക്കുന്നവരെ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.