തിരുവനന്തപുരം: 'ഞാനിത് എന്റെ അമ്മയ്ക്കും അച്ഛനും നൽകുന്ന ആദരവാണ്. നിങ്ങളറിയുന്ന എം.ജയചന്ദ്രനായി എന്നെ മാറ്റിയത് അവരാണ്. അവർക്ക് എന്തെങ്കിലും തിരിച്ചുകൊടുക്കണ്ടേ? അതിനാണ് ഞാൻ ഈ മൂന്നു ദിവസവും സംഗീതസദ്യ ഒരുക്കിയത്" പറയുന്നത് സംഗീതജ്ഞൻ എം.ജയചന്ദ്രൻ.
തന്റെ ജീവിത വഴിയിൽ മാർഗദീപമായി മാതാപിതാക്കൾ ഇപ്പോഴുമുണ്ടെന്ന് കരുതുന്ന സംഗീതഞ്ജൻ 11, 12, 13 തീയതികളിലായി തിരുവനന്തപുരം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് സംഗീതനിശ ഒരുക്കിയത്. സൂര്യഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ നാലു വർഷമായി എം.ജയചന്ദ്രൻ സംഘടിപ്പിക്കുന്ന സംഗീത നിശയുടെ പേര് 'മധുസൗകുമാര്യം" എന്നാണ്. അച്ഛൻ മധുസൂദനൻ നായർ, അമ്മ സുകുമാരി അമ്മ. ഇരുവരുടെയും പേരുകൾ സമന്വയിപ്പിച്ചതാണ് ആ പേര്.
പരിപാടിയുടെ മൂന്നാംദിനമായ ഇന്നലെ രമണ ബാലചന്ദ്രന്റെ വീണ കച്ചേരിയാണ് നടന്നത്. ആദ്യമായാണ് രമണ ബാലചന്ദ്രൻ കച്ചേരി അവതരിപ്പിക്കാൻ തലസ്ഥാനത്തെത്തുന്നത്. സ്വാതി തിരുനാളിന്റെ കുളിർമതി വദനേ... എന്നു തുടങ്ങുന്ന കൃതിക്ക് പാശ്ചാത്യ സംഗീത ഉപകരണങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയ ഗാനം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഇന്നലെ പ്രകാശനം ചെയ്തു. രഞ്ജിനി ഗായത്രിയാണ് ഗാനം ആലപിച്ചത്. സംഗീതപരിപാടിയുടെ ആദ്യ ദിനത്തിൽ എൽ.ശങ്കറിന്റെ വയലിൻ കച്ചേരിയും രണ്ടാം ദിനത്തിൽ ശ്രീരഞ്ജിനി സന്താന ഗോപാലന്റെ സംഗീത കച്ചേരിയും നടന്നു. ജയചന്ദ്രന്റെ അച്ഛന്റെയും അമ്മയുടെയും ഓർമ്മയ്ക്കായി നടത്തുന്ന കുടുംബസംഗമം കൂടിയാണ് 'മധുസൗകുമാര്യം". ജയചന്ദ്രന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഗീതരാവുകളിൽ ഒത്തുചേർന്നു.
'എന്റെ സംഗീതജീവിതത്തിന്റെ ആധാരം അമ്മയും അച്ഛനും മാത്രമാണ്. കുട്ടിക്കാലം മുതൽ എന്നിലെ സംഗീതത്തെ കെടാവിളക്കുപോലെ സൂക്ഷിച്ചു കൊണ്ടുനടക്കുകയായിരുന്നു അവർ. വരും വർഷങ്ങളിലും മധുസൗകുമാര്യം തുടരും"- ജയചന്ദ്രൻ പറഞ്ഞു.