d-rameshan

കഴക്കൂട്ടം: സി.പി.എം കഴക്കൂട്ടം ഏരിയ സമ്മേളനത്തിന് ഇന്ന് പൊതുസമ്മേളനത്തോടെ സമാപനമാവും. വൈകിട്ട് 5ന് കഴക്കൂട്ടം ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പങ്കെടുക്കും. ടെക്‌നോപാർക്ക് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഏക റെയിൽവേ സ്റ്റേഷനായ കഴക്കൂട്ടത്ത് ദീർഘദൂര ട്രെയിനുകൾക്ക് സ്‌റ്റോപ്പനുവദിക്കണമെന്ന് ഏരിയ സമ്മേളനത്തിൽ ആവശ്യമുയർന്നു. കഴക്കൂട്ടം താലൂക്ക് രൂപീകരിക്കുന്നതിന് അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നും ഒപ്പം മടവൂർപാറ പ്രാചീന ഗുഹാക്ഷേത്രം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മടവൂർപാറ ഗുഹാക്ഷേത്രത്തിന്റെ പാറ തുരന്ന് അനധികൃത നിർമ്മാണം നടന്ന 2002ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ അവിടെ സന്ദർശനം നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗുഹാക്ഷേത്രവും പാറയും ഒരു സ്വകാര്യ വ്യക്തിയുടെ പേരിൽ പതിച്ചെടുത്തതായി കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.സർക്കാർ വക സ്വത്തുകൾ തിരിച്ചെടുത്തെങ്കിലും സംരക്ഷിത സ്മാരകമായ ഗുഹാക്ഷേത്രം തുരന്നു നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികളെടുത്തില്ല. ഇപ്പോഴും കൈയേറ്റങ്ങൾ തുടരുകയാണെന്നും പ്രമേയം വ്യക്തമാക്കുന്നു.

ഡി.രമേശൻ ഏരിയ സെക്രട്ടറി

കഴക്കൂട്ടം ഏരിയ സെക്രട്ടറിയായി ഡി.രമേശിനെ തിരഞ്ഞെടുത്തു.മേടയിൽ വിക്രമൻ,എസ്.എസ്.ബിജു ,സ്റ്റാൻലി ഡിക്രൂസ്,എസ്.സനൽ, വി.സുരേഷ് ബാബു,പി.ഗോപകുമാർ,എസ്.പ്രശാന്ത്, എസ്.അജികുമാർ,എസ്.എസ് വിനോദ്, വി.സാംബശിവൻ,രേവതി അനീഷ് ,ആർ.ജലജ കുമാരി,ആർ.ശ്രീകുമാർ , ആർ.രാജേഷ് , എ.നവാസ് , പി.എ ഹക്കിം, എസ്.ശിവദത്ത്, ആൽവിൻ ആൽബാർട്ട്, ഷിബു കാട്ടായിക്കോണം,ശ്യാം കുളത്തൂർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ