 മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു

സബ് കളക്ടർ ഒ.വി.ആൽഫ്രഡ് ഉറൂസ് നടത്തിപ്പ് നോഡൽ ഓഫീസർ

തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ 3 മുതൽ 13 വരെ നടക്കും.ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ആന്റണി രാജു എം.എൽ.എ,മേയർ ആര്യാരാജേന്ദ്രൻ, കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ഒ.വി.ആൽഫ്രഡിനെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

കൂടുതൽ പൊലീസുകാർ

സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുന്നതിനും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും.സെക്രട്ടേറിയേറ്റ് അനക്സിൽ നടന്ന യോഗത്തിൽ സബ്കളക്ടർ ഒ.വി.ആൽഫ്രഡ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ഡി.സി.പി ബി.വി.വിജയ് ഭാരത് റെഡ്ഡി, കൗൺസിലർമാരായ ജെ.സുധീർ, മിലാനി പെരേര, ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എം.പി.അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സെയ്നി തുടങ്ങിയവർ പങ്കെടുത്തു.