
വിതുര: പൊൻമുടി സന്ദർശിക്കാനെത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. തൊളിക്കോട് മലയടി സ്വദേശി ശ്രീറാം,നന്ദിയോട് പേരയം സ്വദേശി അർച്ചന,കുറ്റിച്ചൽ സ്വദേശി നന്ദു,കല്ലമ്പലം സ്വദേശി അരുണിമ,നന്ദിയോട് സ്വദേശി അഷ്ടമി,ആനാട് സ്വദേശി ജോഷി എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പൊൻമുടിയിൽ ശക്തമായ മൂടൽമഞ്ഞ് വീഴ്ചയുണ്ടായിരുന്നു. വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് സഞ്ചരിച്ചത്. ജോഷിയാണ് കാർ ഒാടിച്ചിരുന്നത്.നിയന്ത്രണം വിട്ട ആൾട്ടോ കാർ റോഡിലെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു.
കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.പരിക്കേറ്റവരെ ഉടൻ പൊൻമുടി പൊലീസും, വനപാലകരും ചേർന്ന് ജീപ്പുകളിൽ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ നന്ദു,അർച്ചന,ശ്രീറാം എന്നിവരെ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു.