ബാലരാമപുരം: 13 വർഷത്തെ വ്യാപാരികളുടെ ആശങ്കകൾക്കൊടുവിൽ കൊടിനട-വഴിമുക്ക് ദേശീയപാതാവികസനം യാഥാർത്ഥ്യത്തിലേക്ക്. പ്രാവച്ചമ്പലം മുതൽ കൊടിനട വരെ ദേശീയപാത വികസനം പൂർത്തിയായതിനു പിന്നാലെ വഴിമുക്ക് വരെയുള്ള തുടർവികസനം നിലച്ചിട്ട് മൂന്ന് വർഷത്തോളമായി. ബിജു പ്രഭാകർ ജില്ലാ കളക്ടറായിരിക്കെയാണ് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചത്. വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പിണറായി വിജയൻ എന്നീ മൂന്ന് മുഖ്യമന്ത്രിമാരുടെ കാലഘട്ടത്തിലൂടെയാണ് ദേശീയപാതവികസനം പൂർത്തിയാകുന്നുത്. വി.എസ് തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചെങ്കിലും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രാവച്ചമ്പലം വരെയും തുടർന്ന് പിണറായി വിജയൻ മന്ത്രിസഭയിൽ കൊടിനട വരെയും 13 വർഷത്തെ കാത്തിരിപ്പിൽ വികസനം പൂർത്തീകരിച്ചു.
കൊടിനട- മുതൽ വഴിമുക്ക് വരെയുള്ള പാത വികസനം വേഗത്തിലാക്കണമെന്ന ടൂറിസം വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപടലിൽ കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കുകയായിരുന്നു. ദേശീയപാത വികസനം അനിശ്ചിതമായി നീളുന്നതിനെതിരെ എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, അഡ്വ.എം.വിൻസെന്റ് എന്നിവർ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പണികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എമാരുടെ സബ്മിഷന് മറുപടി നൽകിയെങ്കിലും ബാലരാമപുരം ജംഗ്ഷനിൽ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പാത വികസനം മൂന്ന് വർഷമായി തടസം നേരിട്ടത്.
അനുകൂല നിലപാടിൽ
വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അടിപ്പാത ഒഴിവാക്കി റൗണ്ട് എബൗട്ട് മാതൃകയിലുള്ള വികസനമാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. വ്യാപാരികളുടെ ആശങ്ക പരിഹരിച്ചുള്ള വികസനം വേണമെന്ന് സി.പി.എം ജില്ലാ നേതൃത്വവും വ്യാപാരികൾക്കൊപ്പം അനുകൂലനിലപാട് സ്വീകരിച്ചു. ഡിംസംബറോടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം നൽകും
കൊടിനട-വഴിമുക്ക് വികസവുമായി ബന്ധപ്പെട്ട് മുന്നൂറോളം ഭൂവുവുടമകൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. രേഖകളിലെ സൗങ്കേതികപ്പിഴവ് പരിഹരിക്കുന്നതിന്റെ ഭാഗമായി നൂറോളം പേരുടെ നഷ്ടപരിഹാരം വൈകിയിരുന്നു. എ.ബി.സി കാറ്റഗറികളിലായാണ് ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകുന്നത്. വരും ദിവസങ്ങളിൽ കിട്ടാനുള്ളവർക്കുള്ള നഷ്ടപരിഹാരവും നൽകും. ഏഴ് ദിവസത്തിനുള്ളിൽ കച്ചവട സ്ഥാപനങ്ങളിൽ ഒഴിയണമെന്നും ഭൂമി സർക്കാരിന് കൈമാറണമെന്നും ദേശീയപാത അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
കച്ചവടസ്ഥാപനങ്ങളിലെ വൈദ്യുതി, വാട്ടർ കണക്ഷൻ എന്നിവ വേഗത്തിൽ വിച്ഛേദിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിൽ
നഷ്ടപരിഹാരം നൽകി ഭൂമി സർക്കാരിന് കൈമാറിയിട്ടും കച്ചവടക്കാർ ഒഴിയുന്നില്ലെന്ന പരാതി കളക്ടർക്കും ബന്ധപ്പെട്ടവർക്കും നേരത്തെ ലഭിച്ചിരുന്നു. ഇതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്. കൊടിനട മുതൽ ദേശീയപാതയിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമായിരിക്കെ നിയമപരമായി കച്ചവടസ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകില്ലെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടതോടെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.