aa

നാധിപത്യത്തിന്റെ ഉത്സവമെന്നാണ് പൊതുവിൽ തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കാറുള്ളത്. ബഹുകക്ഷി രാഷ്ട്രീയം പുലരുന്ന രാജ്യത്ത് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും നയസമീപനങ്ങളും അതത് കാലത്തെ അവരുടെ വികസന നയങ്ങളും കാഴ്ച്ചപ്പാടും പരിശോധിച്ചാണ് ജനങ്ങൾ വിധി നിർണ്ണയിക്കുന്നത്. രാജ്യത്തെയോ അതിലുൾപ്പെടുന്ന സംസ്ഥാനങ്ങളുടെയോ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ നാടിനെ മുന്നോട്ട് കൊണ്ടുപോകേണ്ട വിശാല രാഷ്ട്രീയ ചർച്ചയിൽ കൂടി അധിഷ്ഠിതമായതാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യം മറ്റൊന്നാണ്. കേവലം ഒരു ചെറിയ പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക ക്രമങ്ങളെയും അവിടെയുള്ള വികസനവുമാണ് ചർച്ചയിൽ മേൽക്കൈ പുലർത്തുന്നതെങ്കിലും അതിന്റെ അടിത്തറ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമാണ്. സമീപകാലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിൽ നിന്നും രാഷ്ട്രീയം പാടെ ചോർന്നുപോയിരിക്കുന്നുവെന്ന യാഥാർത്ഥ്യമാണ് പ്രചാരണസമയത്തെ വിഷയങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

സ്ഥാനാർത്ഥി നിർണയം

മുതൽ വിവാദങ്ങൾ

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും കോൺഗ്രസിന്റെ യുവമുഖമായ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. വി.ടി ബൽറാം, ഡോ.പി സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ചെറുപ്പക്കാരിൽ തുടങ്ങി കെ.മുരളീധരനെന്ന ഇരുത്തം വന്ന രാഷ്ട്രീയ നേതാവിലേക്ക് വരെ യു.ഡി.എഫിലെ സ്ഥാനാർത്ഥി ചർച്ചകളെത്തി. എന്നാൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലെന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് ചർച്ച ചുരുക്കിയതോടെ ഡോ.പി സരിൻ ഇടതുക്യാമ്പിലെത്തി. നിലവിലെ സാഹചര്യത്തിൽ കരുത്തനായ സ്ഥാനാർത്ഥി സരിനാണെന്ന് നേതൃത്വവും വിലയിരുത്തി. രാഷ്ട്രീയ ചർച്ച വ്യക്തിപരതയിലേക്ക് നീങ്ങിയത് കൃത്യമായി അവിടം മുതലാണെന്ന് വേണം കരുതാൻ. കൃത്യമായി രാഷ്ട്രീയം പറഞ്ഞ് കളം പിടിക്കേണ്ട മുന്നണികളെ വലച്ച് പിന്നീടുണ്ടായത് വിവാദങ്ങളുടെ തേരോട്ടമായിരുന്നു.

കനൽ

കത്തിക്കാൻ ഇടതുപക്ഷം

പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ഒന്നിച്ച് നടത്തിയ സ്ഥാനാർത്ഥി നിർണയത്തെ ചുറ്റിപ്പറ്റിയുയർന്ന വിവാദം കത്തിച്ച് നിർത്തുകയായിരുന്നു സി.പി.എമ്മിന്റെ തന്ത്രം. പാലക്കാടുകാരെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാഹുലിനെ ലക്ഷ്യം വെച്ച് രാഷ്ട്രീയ പീരങ്കികളിൽ നിന്നുയർന്ന വിവാദവെടികളിൽ ചിലത് ഷാഫി പറമ്പിലിനെയും പരിക്കേൽപ്പിച്ചു. രാഹുലിന് പകരം ഏത് മണ്ഡലത്തിലും മത്സരിച്ചു ജയിക്കാൻ പ്രാപ്തിയും തലയെടുപ്പുമുള്ള കെ.മുരളീധരനെന്ന രാഷ്ട്രീയ നേതാവിന്റെ പേരുൾപ്പെട്ട പാലക്കാട് ഡി.സി.സിയുടെ കത്ത് കൂടി പുറത്ത് വന്നതോടെ വിവാദം ആളിക്കത്തി. തുടർന്ന് അരയും തലയും മുറുക്കി മുരളീധരൻ വിമർശനവുമായി രംഗത്തിറങ്ങിയപ്പോൾ കേരളരാഷ്ട്രീയ നിഘണ്ടുവിൽ നോമിനി രാഷ്ട്രീയമെന്ന പുതിയപദം കൂടി എഴുതിച്ചേർക്കപ്പെട്ടു. ഇതോടെ എൽ.ഡി.എഫ് സെറ്റ് ചെയ്ത അജണ്ടയിൽ യു.ഡി.എഫ് കുരുങ്ങിക്കിടന്നു. എന്നാൽ കളം മാറാൻ അധികസമയമെടുത്തില്ല.

സി.പി.എമ്മിലെ

വിള്ളലുകൾ

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയും അത് സംബന്ധിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്ത് പോയ പി.പി. ദിവ്യയെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും സി.പി.എം ഒരുപരിധി വരെ തടുത്തു. ഇതിനിടെ പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരിഞ്ഞ് പരസ്യപ്രസ്താവന നടത്തി പാർട്ടി വിടാനൊരുങ്ങിയത് മണത്ത സി.പി.എം അനുനയത്തിന് മുതിർന്ന നേതാവായ എൻ.എൻ കൃഷ്ണദാസിനെ നിയോഗിച്ചു. തുടർന്ന് അനുനയം വിജയിച്ചതോടെ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ 'ഇറച്ചിക്കടയ്ക്കുമുമ്പിലെ പട്ടിയോട്' ഉപമിച്ച കൃഷ്ണദാസിന്റെ മറുപടിയും വിവാദമായി. പിന്നീടാണ് സി.പി.എം ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ഇത് അംഗീകരിക്കാനിലെന്നും വ്യക്തമാക്കി കൊഴിഞ്ഞാമ്പാറയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷിന്റെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ വിമത കൺവെൻഷൻ അരങ്ങേറിയത്. കൊഴിഞ്ഞാമ്പാറയിലെ 37 അംഗ ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ യോഗത്തിൽ പങ്കെടുത്തു. പാർട്ടി സമ്മേളനത്തിൽ ഒരു വർഷം മുമ്പ് കോൺഗ്രസ് വിട്ടെത്തിയയാളെ ലോക്കൽ സെക്രട്ടറിയാക്കിയതിന് എതിരെയായിരുന്നു കലാപക്കൊടി ഉയർന്നത്.

കുഴലിലൂടെ

വിവാദക്കാറ്റ്

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചില കല്ലുകടികളുണ്ടായെങ്കിലും വിവാദങ്ങളിലേക്ക് ബി.ജെ.പിയെ വലിച്ചിട്ടത് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് കൊടകര കുഴൽപ്പണക്കേസ് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലാണ്. ചാക്കിൽ കോടികളെത്തിയെന്ന വെളിപ്പെടുത്തൽ ബി.ജെ.പിയെ ഒന്നാകെ ഉലയ്ക്കുകയും ചെയ്തു. ഏതാണ്ട് 9 കോടിയോളം രൂപ ആറ് ചാക്കുകളിലായി എത്തിയെന്നതായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം വെളിപ്പെടുത്താൻ ശോഭാ സുരേന്ദ്രനടക്കമുള്ളവർ തന്നോട് പറഞ്ഞതായും സതീഷ് വെളിപ്പെടുത്തിയതോടെ വിമർശനവുമായി ശോഭ തന്നെ രംഗത്തിറങ്ങി. സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയതാണെന്ന ആരോപണവും അവർ ഉന്നയിച്ചു. തുടർന്നാണ് സന്ദീപ് വാര്യരെന്ന നേതാവ് പാർട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ് പ്രചാരണത്തിൽ ഇടപെടാതെ മാറിനിന്നത്. സി.പി.എമ്മുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ഇടതുപക്ഷത്തേക്കാണെന്നുമുള്ള വാർത്ത പുറത്ത് വന്നതോടെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ നേരിൽ സന്ദർശിച്ച് ചർച്ചകൾ നടത്തി. നിലവിൽ ബി.ജെ.പിയിൽ തന്നെ തുടരുന്നുണ്ടെങ്കിലും അദ്ദേഹം പാർട്ടിക്കെതിരെ പറഞ്ഞ ആരോപണങ്ങളിൽ ഒന്നുപോലും പിൻവലിച്ചില്ല.

പാതിരാ റെയ്ഡും

നീലട്രോളിയും

ഇതിനെല്ലാം പുറമേ പാലക്കാട് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് വനിത നേതാക്കൾ തങ്ങിയ ഹോട്ടൽ മുറിയിൽ കള്ളപ്പണം പിടിക്കാനെന്ന പേരിൽ നടത്തിയ റെയ്ഡ് വിവാദമായതോടെ സി.പി.എമ്മിന് വീണ്ടും പരിക്കേറ്റു. റെയ്ഡിൽ കള്ളപ്പണം പിടിച്ചില്ലെന്ന് മാത്രമല്ല വനിത പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ വനിതാ നേതാക്കളുടെ മുറി റെയ്ഡ് ചെയ്ത സംഭവത്തിലുണ്ടായ അലയൊലികൾ ഇടതുപക്ഷത്തിന് ക്ഷീണമാകുകയും ചെയ്തു. ഹോട്ടലിൽ വച്ച് നീല ട്രോളിയുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും രാഹുലടക്കമുള്ള യു.ഡി.എഫ് നേതാക്കൾ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചതോടെ ഇടതുപക്ഷത്തിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു.

അവസാനം ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിലാണ് പാലക്കാട്ടെ പ്രചാരണം എത്തിനിൽക്കുന്നത്. ചേലക്കര, വയനാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്ത് വന്ന പുസ്തകത്തിന്റെ ഭാഗത്തിൽ രണ്ടാം പിണറായി മന്ത്രിസഭയ്ക്കും, മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.സരിനും വിമർശനമുണ്ട്. താൻ അറിഞ്ഞുകൊണ്ടല്ലെന്ന് പറയുന്ന ഇ.പി ഡിജി.പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ ഉള്ളുകളികൾ കൂടി പുറത്താകുന്നതോടെ മറ്റൊരു വിവാദത്തിനാവും പാലക്കാട് മണ്ഡലം സാക്ഷ്യം വഹിക്കുക.