വക്കം: ഗ്രാമ പഞ്ചായത്തിൽ അപകടകരമാകുന്നവിധത്തിൽ റോഡിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന മിനി എം.സി.എഫ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി. കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നായിരുന്നു നടപടി. വക്കം ഗ്രാമ പഞ്ചായത്തിൽ ഇടുങ്ങിയ റോഡിലെ എസ്. വളവിൽ എം.സി.എഫ് സ്ഥാപിച്ചിരുന്നതിനാൽ അപകടങ്ങൾ പതിവായിരുന്നു. വലിയ രണ്ടു വാഹനങ്ങൾ കടന്നുപോയാൽ കൂടിന്റെ മേൽമൂടിയിൽ തട്ടി മാത്രമേ പോകാൻ സാധിക്കൂ. മേൽമൂടിയുടെ ഒരു ഭാഗം ഇതിനോടകം തകർന്നു.
വക്കം , പണയിൽകടവ് റോഡ് ആരംഭിച്ചപ്പോൾ പണിയുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാം മാറ്റി നൽകാനുള്ള സർക്കുലർ പൊതുമരാമത്ത് വകുപ്പ് നൽകിയിരുന്നു. എന്നാൽ പത്ത് മാസം കഴിഞ്ഞിട്ടും ഇത് ഇവിടെ നിന്ന് മാറ്റിയില്ല. നിരവധി ബസ് യാത്രക്കാർക്ക് ഇതിനോടകം അപകടങ്ങൾ സംഭവിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് റോഡ് ടാറിംഗ് ജോലികൾ വരെ തീർത്തത്.
 നിർമ്മാണം തുടങ്ങി
എം.സി.എഫിന് ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടർന്ന് പന്തലിച്ചതിനാൽ പ്ലാസ്റ്റിക് കവറുകളിലും മറ്റും ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പണയിൽ കടവ് സ്വദേശി സുനിൽകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച് നടപടി സമയബന്ധിതമായി തീർപ്പാക്കുന്നതിന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മിനി എം.സി.എഫ് നീക്കം ചെയ്തതോടെ ആ ഭാഗത്ത് കോൺക്രീറ്റ് ആരംഭിക്കാൻ തുടങ്ങി.