
കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടനത്തിന് ശബരിമലയിൽ ഇന്ന് തുടക്കം കുറിക്കുകയാണ്. മണ്ഡല - മകരവിളക്ക് പൂജകൾക്കായി ഇന്നു വൈകിട്ട് തുറക്കുന്ന തിരുനട മണ്ഡലവിളക്കു കഴിഞ്ഞുള്ള ഹ്രസ്വമായ ഇടവേള ഒഴിച്ചാൽ ജനുവരി 20 വരെ തുറന്നിരിക്കും. ഈ ദിവസങ്ങളിൽ ദിവസവും 18 മണിക്കൂർ ദർശന സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് നടപടിയായിട്ടുണ്ട്. വെർച്വൽ ക്യൂ വഴി എഴുപതിനായിരം പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ പതിനായിരം പേർക്കും ദർശന സൗകര്യമൊരുക്കുമെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ശബരിമല ദർശനത്തിനെത്തുന്ന ഒരാൾക്കും ദർശനം സാദ്ധ്യമാകാതെ മടങ്ങിപ്പോകേണ്ടിവരില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവനും ഉറപ്പുനൽകിയിട്ടുണ്ട്. സാദ്ധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്തരെ വരവേൽക്കാൻ സന്നിധാനം മാത്രമല്ല, ശബരിമലയിലേക്കുള്ള എല്ലാ കൈവഴികളും കാത്തിരിക്കുകയാണ്.
അതിവിപുലമായ സൗകര്യങ്ങളാണ് ഇത്തവണ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും എരുമേലിയിലുമൊക്കെ സജ്ജീകരിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ സുഗമമായ സഞ്ചാരത്തിനും ദർശനത്തിനും ക്രമീകരണങ്ങൾ ആവുന്നത്ര കുറ്റമറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അവകാശപ്പെടുമ്പോഴും തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യങ്ങളിൽ അതൊക്കെ താളംതെറ്റുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലെ അനുഭവം അതായിരുന്നു. എൺപതിനായിരം പേരിലധികം എത്തുന്ന സാഹചര്യമുണ്ടായാൽ ദർശനസമയം അരമണിക്കൂർ കൂടി ദീർഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷം വെർച്വൽ ക്യൂ വഴി മാത്രമേ ഭക്തരെ സന്നിധാനത്തേക്കു കടത്തിവിടൂ എന്ന് ആദ്യം ദേവസ്വം ബോർഡും സർക്കാരും തീരുമാനമെടുത്തിരുന്നു. സംസ്ഥാന വ്യാപകമായി കനത്ത പ്രതിഷേധമുയർന്നപ്പോൾ തീരുമാനം ഉപേക്ഷിക്കാൻ സർക്കാർ തയ്യാറായി. ആലോചനയില്ലാതെ കൈക്കൊണ്ട ഈ തീരുമാനം ഉപേക്ഷിച്ചത് സംസ്ഥാനത്തിനു പുറത്തുനിന്നെത്തുന്നവർ ഉൾപ്പെടെയുള്ള ഭക്തർക്ക് അനുഗ്രഹമാകും.
തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ദേവസ്വം ബോർഡിന്റെ പ്രാഥമിക കടമ. ഈ ലക്ഷ്യത്തോടെയാണ് സജ്ജീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനെക്കാളൊക്കെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തീർത്ഥാടന നാളുകളിലെ സുഗമമായ ഭക്തജന നീക്കം ഉറപ്പുവരുത്തുക എന്നതാണ്. ഇതിനായി ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്നവർ പരിചയസമ്പന്നരും ശബരിമലയിലെ ചിട്ടവട്ടങ്ങളും ക്രൗഡ് മാനേജ്‌മെന്റും നന്നായി അറിയുന്നവരുമാകണം. പ്രത്യേകിച്ച്, സന്നിധാനത്തും പരിസരങ്ങളിലും ഡ്യൂട്ടിക്കുള്ള പൊലീസ് സേനാംഗങ്ങൾ. ഭക്തജനങ്ങൾക്കിടയിലെ തർക്കങ്ങളും വഴക്കും ഇല്ലാതാക്കാനും പരിചയസമ്പന്നരായ സേനാംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ സാധിക്കും. തീർത്ഥാടകർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കുമായി ദേവസ്വം ബോർഡ് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലുണ്ടാകുന്ന അപകടങ്ങൾക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.
തീർത്ഥാടനകാലത്ത് പമ്പയിലും നില്ക്കലും എരുമേലിയിലും മറ്റും വാഹന പാർക്കിംഗ് വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഇത്തവണ മുൻവർഷത്തെക്കാൾ കൂടുതൽ വാഹനങ്ങൾ ഉൾക്കൊള്ളാൻ പാകത്തിൽ പാർക്കിംഗ് ഗ്രൗണ്ടുകൾ വിപുലമാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള പാതകളിൽ പത്തും പതിനഞ്ചും മണിക്കൂറുകൾ വരെ വാഹനങ്ങളും ഭക്തന്മാരും കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കുകതന്നെ വേണം. പമ്പയിലും സന്നിധാനത്തുമൊക്കെ ഭക്തർ ശ്വാസംമുട്ടി നിൽക്കാനിടവരരുത്. ക്യൂവിൽ മണിക്കൂറുകൾ ഒരേനില്പു നിൽക്കാൻ ഇടവരാത്ത വിധമാകണം സജ്ജീകരണങ്ങൾ. പാർക്കിംഗിന് ഫാസ് ടാഗ് സംവിധാനം ഏർപ്പെടുത്തുന്നത് കാലതാമസവും ക്രമക്കേടുകളും ഇല്ലാതാക്കും. ശബരിമല തീർത്ഥാടനം സംസ്ഥാനത്തിന്റെ ആദ്ധ്യാത്മിക ഉന്നമനത്തിനു മാത്രമല്ല, വരുമാനത്തിൽ വളർച്ചയുണ്ടാക്കാനും വലിയതോതിൽ സഹായിക്കുന്നുണ്ട്. ഇതിനുപുറമേ തീർത്ഥാടനകാലത്ത് നാനാരംഗങ്ങളിലുമുണ്ടാകുന്ന സാമ്പത്തിക വളർച്ച കാണാതെ പോകരുത്.