smart

തിരുവനന്തപുരം: നഗരത്തിൽ വട്ടിയൂർക്കാവ് മോഡലിൽ എട്ട് ഹൈടെക്ക് ബസ് ഷെൽട്ടറുകൾ കൂടിവരുന്നു. സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്നതാണ് വട്ടിയൂർക്കാവ് മോഡൽ ഹൈടെക്ക് ബസ് ഷെൽട്ടറുകൾ.

വട്ടിയൂർക്കാവ് മണ്ഡലത്തിൽപ്പെടുന്ന കവടിയാർ ടോൾ ജംഗ്ഷൻ,ദേവസ്വം ബോർഡ് ജംഗ്ഷൻ,കേശവദാസപുരം,എം.സി റോഡ്,പേരൂർക്കട,വഴയില,പട്ടം എൽ.ഐ.സി തുടങ്ങിയ എട്ട് സ്ഥലങ്ങളിലാണ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നത്. ഇത് ജില്ലയിലെ മറ്റ് മൂന്ന് എം.എൽ.എമാർ കൂടി ഏറ്റെടുത്താൽ കൂടുതൽ ഷെൽട്ടറുകൾ നഗരത്തിൽ വരും.

രണ്ട് വർഷം മുൻപ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെക്കുറിച്ചിറങ്ങിയ ട്രോളാണ് വി.കെ.പ്രശാന്ത് എം.എൽ.എയെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത്.കാത്തിരിപ്പ് കേന്ദ്രങ്ങളിൽ പിടിപ്പിച്ചിരുന്ന ഉരുളൻ പൈപ്പുകളിൽ നേരെ ചൊവ്വേ ഇരിക്കാൻ പറ്റില്ലായിരുന്നു.ഇതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്.ആ പരാതികൾക്ക് പരിഹാരം കണ്ടെത്താനാണ് പുത്തൻ രീതിയിൽ ഷെൽട്ടറുകൾ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ പരസ്യ സ്ഥാപനമായ ദിയ സൈൻസാണ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.തുടർപരിപാലനത്തിന്റെ ചുമതലയും ദിയയ്ക്കു തന്നെയാണ്. പരസ്യ ഇനത്തിലുള്ള വരുമാനത്തിൽ നിന്നാണ് ഇതിലേക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്.

കനകക്കുന്നിൽ എം.എൽ.എ ഫണ്ടിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം കൂടി നിർമ്മിക്കുന്നുണ്ട്.ഇത് കനകക്കുന്നിന്റെ കൂടി പൈതൃകം കണക്കിലെടുത്താകും നിർമ്മിക്കുകയെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.

വട്ടിയൂർക്കാവ് മോഡൽ

ഷെൽട്ടറുകളുള്ളത്

നന്തൻകോട്,കേശവദാസപുരം എൻ.എച്ച്,പട്ടം,പൊട്ടക്കുഴി,മുറിഞ്ഞപാലം,അവിട്ടം റോഡ്,പൈപ്പിന്മൂട്,വെള്ളയമ്പലം

സൗകര്യങ്ങൾ

സുഖകരമായി ഇരിക്കാൻ സീറ്റുകൾ

ടി.വി, എഫ്.എം റേഡിയോ

ഫ്രീ വൈഫൈ,മൊബൈൽ ചാർജ്ജിംഗ് സ്റ്റേഷൻ

മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ

ജനറൽ ഹോസ്പിറ്രലിന് മുന്നിലെ ബസ് ഷെൽട്ടറിൽ സ്ഥലങ്ങളുടെ മാപ്പും കൂടി കൊടുത്തിട്ടുണ്ട്. ഇതു പോലെ സ്ഥലങ്ങളുടെ ദൂരവും ബസുകളുടെ വിവരവും കൂടി കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തണമെന്നാണാവശ്യം.