
തിരുവനന്തപുരം: ഏഴാം ധനകാര്യ കമ്മിഷനിൽ രണ്ട് ജോയിന്റ് ഡയറക്ടർമാരുടെ താത്കാലിക തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കള്ള് വ്യവസായ വികസന ബോർഡിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ എക്സൈസ് വകുപ്പിലെ ജോയിന്റ് എക്സൈസ് കമ്മിഷണറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിലും കാഷ്വൽ സ്വീപ്പറെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമിക്കും.
രാജേഷ് രവീന്ദ്രനെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള പാനലിൽ ഉൾപ്പെടുത്തിയത് അംഗീകരിച്ചു. സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ എം.ഡി എസ്.അനിൽദാസിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. തിരുവനന്തപുരം പഴകുറ്റി മംഗലപുരം റോഡ് റീച്ച് മൂന്നിലെ പോത്തൻകോട്- മംഗലപുരം പ്രവൃത്തിക്കുള്ള ടെൻഡർ അംഗീകരിച്ചു.
പഞ്ചായത്തുകൾക്ക്
267കോടി
തിരുവനന്തപുരം: ഉപാധിരഹിത ബേസിക് ഗ്രാൻഡായി 267കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിൽ 187കോടി ഗ്രാമപഞ്ചായത്തുകൾക്കും ബാക്കി ജില്ലാ,ബ്ളോക്ക് പഞ്ചായത്തുകൾക്കുമാണ്. ഇതോടെ നടപ്പ് വർഷം തദ്ദേശസ്ഥാപനങ്ങൾക്കുള്ള സഹായം 6,517കോടിയായി.
പ്രശാന്ത് ഫയൽ കാണുന്നത്
ജയതിലക് വിലക്കിയിരുന്നു
തിരുവനന്തപുരം:രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ കലാശിച്ച ഐ.എ.എസ് പോരിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് ഫയൽ കാണുന്നത് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് വിലക്കിയിരുന്നു. എസ്. സി, എസ്. ടി സ്പെഷൽ സെക്രട്ടറി ആയിരുന്നപ്പോൾ പ്രശാന്തിന് ഫയലുകൾ എത്തുന്നത് ഒഴിവാക്കി ജയതിലക് ഒപ്പിട്ട നോട്ട് പുറത്തായി. പ്രശാന്തിന് ഫയലുകൾ എത്താത്ത തരത്തിലാണ് നടപടികൾ ഉണ്ടായത്.
2024 മാർച്ചിനാണ് ഇതു സംബന്ധിച്ച നിർദേശം ഓഫീസ് ഓർഡറായി നൽകിയത്. താഴെ പറയുന്ന ഫയലുകൾ ഒഴിച്ച് മറ്റെല്ലാ ഫയലുകളും എസ്. സി, എസ്ടി, വകുപ്പുകളിലെ അഡിഷനൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാർ അഡീഷനൽ ചീഫ് സെക്രട്ടറിക്കു നേരിട്ടു സമർപ്പിക്കണമെന്നാണ് ഉത്തരവ് .