ശിവഗിരി : ശ്രീനാരായണഗുരുദേവൻ ആലുവാ അദ്വൈതാശ്രമത്തിൽ വച്ച് ഇദംപ്രഥമമായി നടത്തിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടത്തുന്ന ലോകമത പാർലമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
നവംബർ 29, 30 ഡിസംബർ 1 തീയതികളിലായി നടത്തുന്ന സമ്മേളന പരമ്പരകളിൽ കേരളത്തിൽ നിന്നും വിവിധ മതങ്ങളിൽപ്പെട്ട 150 പ്രതിനിധികളും, ഇറ്റലിയിൽ നിന്നും 109 പ്രതിനിധികളും പങ്കാളികളാകും. അമേരിക്ക, ജർമ്മനി, ഇൻഡോനേഷ്യ, യു.കെ, സിംഗപ്പൂർ, യു.എ.ഇ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. 29 ന് സർവ്വസമുദായമൈത്രിക്ക് വേണ്ടി ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതന്മാരും ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരും പങ്കെടുക്കുന്ന സ്നേഹസംഗമം നടക്കും. 30 ന് രാവിലെ നടക്കുന്ന ലോകമതപാർലമെന്റിൽ പരിശുദ്ധ മാർപാപ്പ സന്ദേശം നല്‍കി അനുഗ്രഹിക്കും. ഗുരുദേവന്റെ ദൈവദശകം ഇറ്റാലിയൻ ഭാഷയിൽ ആലാപനം ചെയ്യും. കർദ്ദിനാൾ മിഖ്വേൽ ആംഗൽ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ തുടങ്ങിയവർ പങ്കെടുക്കും.
ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും ആസ്പദമാക്കി ഗ്രന്ഥങ്ങളും ധർമ്മസംഘത്തിന്റെ വിശേഷാൽ പാരിതോഷികങ്ങളും മാർപാപ്പയ്ക്ക് ശിവഗിരി മഠം പ്രതിനിധികൾ സമർപ്പിക്കും.