തിരുവനന്തപുരം: ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട സേവനത്തിന് 2000 രൂപ കൈക്കൂലി വാങ്ങവേ, എറണാകുളം വൈ​റ്റില കൃഷി ഓഫീസിലെ കൃഷി അസിസ്​റ്റന്റും ആ​റ്റിങ്ങൽ സ്വദേശിയുമായ ശ്രീരാജിനെ വിജിലൻസ് പിടികൂടി.

വൈ​റ്റില സ്വദേശിയായ പരാതിക്കാരൻ മുപ്പത് വർഷമായി കുടുംബമായി താമസിക്കുന്ന ഏഴു സെന്റ് ഭൂമി തരംമാ​റ്റുന്നതിന് 2023 ജൂണിൽ ആർ.ഡി.ഒയ്ക്ക് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. പരിശോധനയ‌്ക്കായി പരാതി വൈ​റ്റില കൃഷി ഓഫീസിലേക്കയച്ചു. ഇതിൽ സ്വീകരിച്ച നടപടി അറിയുന്നതിനായി പല തവണ കൃഷി ഓഫീസിലെത്തിയ പരാതിക്കാരനെ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചിരുന്നു.

കഴിഞ്ഞയാഴ്ച ശ്രീരാജ് സ്ഥലപരിശോധന നടത്തിയശേഷം പരാതിക്കാരന്റെ ഫോണിൽ വിളിച്ച് രണ്ടായിരം രൂപയുമായി ദേശാഭിമാനി റോഡിൽ വന്നു കാണാൻ അവശ്യപ്പെട്ടു. വിവരം എറണാകുളം വിജിലൻസ് യൂണി​റ്റ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം, കടവന്ത്റ റോഡിലെ ഐ.സി.ഐ.സി.ഐ ബാങ്കിന് സമീപത്തുവച്ച് പരാതിക്കാരനിൽ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ ശ്രീരാജിനെ പിടികൂടുകയായിരുന്നു.