തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 16ന് ദേശീയ മാദ്ധ്യമദിനം ആഘോഷിക്കുന്നു. ശാസ്തമംഗലത്തുള്ള സബ് സെന്ററിൽ രാവിലെ 11 ന് നടക്കുന്ന സമ്മേളനം എഴുത്തുകാരനും ദൂരദർശൻ മുൻ അഡിഷണൽ ഡയറക്ടർ ജനറലുമായ കെ.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അദ്ദേഹം പ്രഭാഷണം നടത്തും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. ബ്രിട്ടനിൽ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ വിശ്വാസ്യതയെപ്പറ്റി ലണ്ടനിലെ പ്രമുഖ മലയാളി മാദ്ധ്യമ പ്രവർത്തകൻ മണമ്പൂർ സുരേഷ് പ്രഭാഷണം നടത്തും. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജില്ലാ സെക്രട്ടറി അനുപമ ജി.നായർ എന്നിവർ സംസാരിക്കും. ജനാധിപത്യത്തിന്റെ നാലു തൂണുകളിൽ പരമപ്രധാനമായതാണ് മാദ്ധ്യമങ്ങൾ എന്ന ആശയം അരക്കിട്ടുറപ്പിക്കുന്നതിനാണ് എല്ലാ വർഷവും രാജ്യത്ത് നവംബർ 16 ദേശീയ മാദ്ധ്യമ ദിനമായി ആഘോഷിക്കുന്നത്. സ്വതന്ത്ര്യവും ധീരവുമായ മാദ്ധ്യമപ്രവർത്തനത്തിന്റെ പാരമ്പര്യത്തിൽ നിന്ന് ഉണ്ടായിവന്നതാണ് ഈ ദിനാചരണം.