
തിരുവനന്തപുരം : ഇടവിട്ടുള്ള മഴ തുടരുന്നതിനൊപ്പം കുതിച്ചുയർന്ന് പകർച്ചപ്പനിയും. രണ്ടാഴ്ചക്കിടെ പനിബാധിതർ ഒരു ലക്ഷം കവിഞ്ഞു - 1,16,834 പേർ. ദിവസം ശരാശരി പതിനായിരത്തോളം കേസുകൾ. ഡെങ്കിപ്പനി രോഗികൾ കൂടുമ്പോൾ മരണം കൂടുതലും എലിപ്പനി ബാധിതരിലാണ്.
കഴിഞ്ഞ മാസം 30 മുതൽ ഈ മാസം 12വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 1,884 പേർക്ക് ഡെങ്കിയും 394 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കി അഞ്ചുപേരുടെ ജീവനെടുത്തപ്പോൾ എലിപ്പനി മൂലം 17 പേരാണ് മരിച്ചത്.
തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എലിപ്പനി, ഡെങ്കി മരണങ്ങൾ. ഇതിനൊപ്പം മലിനജലത്തിലൂടെ ഉണ്ടാകുന്ന ഹെപ്പറ്റെറ്റ് എ രോഗവും പടരുന്നു. 1,134 പേർക്ക് ഈ രോഗം ബാധിച്ചു. നാല് പേർ മരിച്ചു. കൊതുക് വ്യാപകമാകുന്നതിനാലാണ് ഡെങ്കി പടരുന്നത്. മലിനജലത്തിലിറങ്ങുന്നവർ മുൻകരുതൽ എടുക്കാത്തിനാലാണ് എലിപ്പനി അപകടമാകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
തുടക്കത്തിലേ ചികിത്സിക്കാത്തതാണ് എലിപ്പനി മരണങ്ങൾക്ക് കാരണം. പകർച്ചപനി ഏതെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്സിസൈക്ലിൻ കഴിക്കാത്തവരിൽ മരണം കൂടുതലാണ്.
അതിജീവനം പ്രതിരോധത്തിലൂടെ !
1,കൊതുകിന്റെ ഉറവിടം നശിപ്പിക്കണം.
2,വീട്ടിൽ ചെടിച്ചട്ടിയിലും മറ്റും വെള്ളം കെട്ടരുത്
3,മലിന ജലത്തിലിറങ്ങിയവർ എലിപ്പനി ഗുളിക കഴിക്കണം.
4,തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ
5,കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം.
6,പന് മൂന്നു ദിവസത്തിലേറെ നീണ്ടാൽ ചികിത്സ തേടണം.
കൊതുക് നിവാരണം ഉറപ്പാക്കണം. മലിനജലത്തിൽ ഇറങ്ങുന്നവർ നിസാരമായി കാണരുത്. പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കണം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. സ്വയം ചികിത്സ പാടില്ല.
-ഡോ.അനീഷ്.ടി.എസ്
പ്രൊഫസർ കമ്മ്യൂണിറ്റി മെഡിസിൻ
മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്.