തിരുവനന്തപുരം: ശിശുക്ഷേമസമിതി ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ ശിശുദിനറാലിയിൽ നേമം വെള്ളായണി ലിറ്റിൽ ഫ്ളവർ സ്‌കൂൾ തുടർച്ചയായി പതിനാറാംവർഷവും ഒന്നാമതെത്തി. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്.പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാമതെത്തി.
രാവിലെ 8.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മന്ത്രി ജി.ആർ.അനിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു.പെൺകുട്ടികൾ മാത്രം നയിച്ച ശിശുദിന റാലിയായിരുന്നു ഇത്തവണത്തേത്.പഞ്ചവാദ്യം,കുതിര പൊലീസ്,പൊലീസ് ബാൻഡ്,സ്റ്റുഡന്റ് പൊലീസ്,സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്,എൻ.സി.സി എന്നിവയുടെ അകമ്പടിയോടെ പതിനയ്യായിരം കുട്ടികൾ പങ്കെടുത്തു. വിവിധ ഹോമുകളിലെ കുട്ടികളും അണിചേർന്നു.
തുടർന്ന് നിശാഗന്ധിയിൽ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ബഹിയ ഫാത്തിമ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അമാന ഫാത്തിമ അദ്ധ്യക്ഷയായി.കുട്ടികളുടെ സ്പീക്കർ നിധി.പി.എ മുഖ്യപ്രഭാഷണം നടത്തി. ആൻ എലിസബത്ത് വി.എസ്. സ്വാഗതവും ആൽഫിയ മനു നന്ദിയും പറഞ്ഞു.മുഖ്യമന്ത്രിയുടെ ശിശുദിനസന്ദേശം ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി വായിച്ചു.
നാടിന്റെ ഭാവി ഭദ്രമാകുന്നത് അടുത്ത തലമുറയെ അതിനുതകുന്ന രീതിയിൽ വാർത്തെടുക്കുമ്പോഴാണെന്നും എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും സ്നേഹത്തോടെ ശിശുദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ശിശുദിന സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു.സ്റ്റാമ്പിനായി ചിത്രം വരച്ച കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വി.തന്മയയ്ക്കും സ്‌കൂളിനും പുരസ്‌കാരങ്ങളും ട്രോഫിയും നൽകി.എം.എൽ.എമാരായ വി.ജോയി,വി.കെ.പ്രശാന്ത് എന്നിവർ ശിശുദിനാശംസകൾ അറിയിച്ചു.
നേതാക്കൾക്കുള്ള മെമ്മന്റോയും സർട്ടിഫിക്കറ്റും ഹോമുകളിലെ കുട്ടികൾക്കായുള്ള മത്സരങ്ങളിൽ ഓവറാൾ കിരീടം കരസ്ഥമാക്കിയവർക്കുള്ള ട്രോഫിയും മന്ത്രി വീണാ ജോർജ് കൈമാറി.പാറശാല സി.എസ്.ഐ ബാലികാമന്ദിരം ഒന്നാംസ്ഥാനവും ശിശുക്ഷേമസമിതിയുടെ വീട് ഹോം രണ്ടാംസ്ഥാനവും സെന്റ് ജോസഫ് ഓർഫനേജ് വട്ടിയൂർക്കാവ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.