തിരുവനന്തപുരം: കരസേനയുടെ മൂക്കുന്നിമലയിലെ ഫയറിംഗ് റേഞ്ചിൽ പൊലീസുകാരുടെ വെടിവയ്‌പ് പരിശീലനത്തിനിടെ വീടുകളിൽ വെടിയുണ്ടകൾ പതിച്ച സംഭവത്തിൽ കളക്ടർക്ക് ഇന്നലെ ആർ.ഡി.ഒ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.
വെടിയുണ്ട വീണുകിട്ടിയ വിളവൂർക്കൽ പഞ്ചായത്തിലെ വീടുകൾ കഴിഞ്ഞ ദിവസം സന്ദർശിച്ച നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാറാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. നാട്ടുകാരുടെ ആശങ്കകളും പരിഹാര നിർദ്ദേശവുമടങ്ങിയതാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സേനയുടെ ഫയറിംഗ് പോയിന്റിലെത്തി പരിശോധിച്ച വിവരവും സേനാ അധികൃതർ നൽകിയ മറ്റുവിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വിലയിരുത്തിയ ശേഷം മൂക്കുന്നിമലയിലെ കരസേന 91 ബ്രിഗേഡിന്റെ അധികൃതരുമായും പൊലീസ് അധികൃതരുമായും കളക്ടർ ചർച്ചനടത്തും.
സേനയുടെ പൂർണ നിയന്ത്രണത്തിലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്.ഒ.പി) പാലിച്ചുമാത്രമേ ഇനിമുതൽ ഫയറിംഗ് പരിശീലനം അനുവദിക്കാവൂയെന്നും റിപ്പോർട്ടിലെ ശുപാർശയിലുണ്ട്. വെടിവയ്‌പ് പരിശീലനത്തിനായി തോക്ക് പിടിക്കുന്ന ചരിവിൽ വ്യത്യാസം വന്നതാണ് വെടിയുണ്ട പുറത്തെത്താൻ കാരണമായതെന്ന് കരസേനാ അധികൃതർ വ്യക്തമാക്കിയിരുന്നു. 20 മീറ്ററോളം പൊക്കത്തിൽ മണൽചാക്ക് അടുക്കിയാണ് ഇവിടെ പരിശീലനം നടത്തുന്നത്.
തോക്കുമായി നിലത്തുകിടന്നുള്ള വെടിവയ്പ് പരിശീലനം നടത്താറുള്ള ഇവിടെ വിവാദമായ സംഭവത്തിൽ എഴുന്നേറ്റു നിന്നാണ് വെടിവയ്‌പ് നടത്തിയത്. ഇതാണ് വെടിയുണ്ടകൾ ലക്ഷ്യം തെറ്റി പുറത്തുപോകാൻ കാരണമായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശീലനത്തിന് ഉപയോഗിച്ച എ.കെ 47 തോക്കുകളിൽ നിന്നുള്ള വെടിയുണ്ട 400 മീറ്റർ ദൂരത്തിനുള്ളിൽ ശരീരത്തിലേറ്റാൽ മരണം സംഭവിക്കുമെന്നാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ വെടിയുണ്ടകൾ ലഭിച്ച സ്ഥലവും പരിശീലനം നടന്ന സ്ഥലവുമായി രണ്ട് കിലോമീറ്റർ ദൂരവ്യത്യാസമുണ്ട്. എങ്കിലും ഇത്രയും ദൂരത്തിൽ നിന്നുമെത്തുന്ന വെടിയുണ്ട ശരീരത്തിലേറ്റാൽ പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്.
വെടിയുണ്ടകൾ ഇന്ന്
ഫോറൻസിക് പരിശോധനയ്‌ക്ക്
പൊറ്റയിൽ,കാവടിവിള പ്രദേശത്തെ മൂന്ന് വീടുകളിൽ നിന്നായി ലഭിച്ച നാല് വെടിയുണ്ടകൾ ഇന്ന് ഫോറൻസിക് പരിശോധയ്ക്ക് അയക്കും. ആർ.ഡി.ഒ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള വെടിയുണ്ടകൾ മലയിൻകീഴ് പൊലീസെത്തിയാണ് ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോകുക. വെടിയുണ്ടകൾ പൊലീസ് പരിശീലനത്തിന് ഉപയോഗിച്ച തോക്കുകളിൽ നിന്നുള്ളവയാണോ എന്നാണ് പരിശോധിക്കുക. പരിശോധന ഫലം ലഭിച്ചശേഷം വിശദമായ മറ്റൊരു റിപ്പോർട്ടും കളക്ടർക്ക് നൽകും.