തിരുവനന്തപുരം: അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്ന് 9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ നീക്കം ചെയ്‌തു. തിരുവനന്തപുരം കിംസ്‌ഹെൽത്തിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താതെ ട്യൂമർ നീക്കിയത്.

ഗർഭാവസ്ഥയിൽ 33 -ാം ആഴ്ചയിലെ അൾട്രാസൗണ്ട് സ്‌കാനിംഗിലാണ് മുഴ കണ്ടെത്തിയത്. തുടർന്ന് 37-ാം ആഴ്ചയിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. പിന്നീട് നടത്തിയ ബയോപ്‌സി പരിശോധനയിലാണ് ഹെപ്പറ്റോബ്ലാസ്റ്റോമ എന്ന ക്യാൻസറെന്ന് സ്ഥിരീകരിച്ചത്. ട്യൂമർ രക്തക്കുഴലുകൾക്കിടയിലായി സ്ഥിതി ചെയ്തതിനാൽ അപകടാവസ്ഥ കണക്കിലെടുത്ത് നിയനെറ്റോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.നവീൻ ജെയിൻ,മെഡിക്കൽ ഓങ്കോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അസ്ഗർ അബ്ദുൽ റഷീദ്,ഹെപറ്റോബൈലറി,പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്‌പ്ളാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഷബീറലി ടി.യു,മൾട്ടി ഓർഗൻ ട്രാൻസ്‌പ്ളാന്റ് ക്ലിനിക്കൽ ചെയർ ഡോ.ഷിറാസ് അഹ്മദ് റാത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സർജറി സാദ്ധ്യമാകും വിധത്തിൽ ട്യൂമറിന്റെ വലിപ്പം കുറയ്ക്കാനായി കീമോതെറാപ്പി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ട്യൂമറിന്റെ വലിപ്പം കുറഞ്ഞതോടെ അഞ്ചാം മാസത്തിൽ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ ട്യൂമറിലേക്ക് രക്തമെത്തിക്കുന്ന പ്രധാന രക്തക്കുഴലുൾപ്പെടെ കരളിന്റെ ഒരു പ്രധാനഭാഗം നീക്കി. ഒരു മാസത്തിനകം കുഞ്ഞ് ആശുപത്രി വിടും.