kt

ഹൈദരാബാദ്: തെലങ്കാനയിലെ വിക്രാബാദ് ജില്ലയിലെ ഫാർമ വില്ലേജ് പദ്ധതിക്കെതിരെയുളള പ്രദേശവാസികളുടേയും കർഷകരുടേയും പ്രതിഷേധം മുതലാക്കി പാർട്ടിയുടെ ജനസ്വാധീനം തിരിച്ചു പിടിക്കാൻ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്). പദ്ധതിക്കായി 1358 ഏക്കർ ഭൂമി വീണ്ടെടുക്കാൻ എത്തിയ ഉദ്യോഗസ്ഥ സഘത്തെ 11ന് പ്രദേശവാസികൾ ആക്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 55 പേരെ അറസ്റ്റു ചെയ്തു. നഷ്ടപരിഹാരം കുറവാണെന്ന് പറഞ്ഞാണ് കർഷക പ്രതിഷേധം.

ആക്രമണത്തിനു കാരണം ബി.ആർ.എസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ

പാർട്ടി യുവജന വിഭാഗം നേതാവായ ബി. സുരേഷ് രാജ് എന്നയാളെയാണ് സംശയിക്കുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായി കെ.ചന്ദ്രശേഖരറാവുവിന്റെ മകൻ കെ.ടി.രാമറാവുവിന് പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ബി.ആർ.എസ് മുൻ എം.എൽ.എ പറ്റ്നം നരേന്ദ്രർ റെഡ്ഡിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ആക്രമണത്തിന് ഉത്തരവിട്ടത് കെ.ടി.രാമ റാവുവാണെന്നായിരുന്നു നരേന്ദ്രർ റെഡ്ഡിയുടെ മൊഴിയാണ് കെ.ടി.ആറിനു വിനയായത്.

കേസിൽ അറസ്റ്റിലായാൽ അത് പാർട്ടിക്ക് അനുകൂലമാക്കി മാറ്റാനാണ് കെ.ടി.ആറിന്റെ നീക്കം. ''കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യു''– എന്നാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വെല്ലുവിളിച്ച് കെ.ടി.രാമറാവു പറഞ്ഞത്.

''അറസ്റ്റ് ചെയ്താൽ, തല ഉയർത്തിപ്പിടിച്ച് ജയിലിലേക്ക് ഞാൻ പോകും. ഇതൊരു വ്യാജ കേസാണ്. എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, അങ്ങനെ ചെയ്യു എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാൽ ജയിലിൽ കഴിയുന്ന 21 പാവപ്പെട്ട കർഷകരെ മോചിപ്പിക്കണം.''– കെ.ടി.രാമറാവു പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭരണം നഷ്ടപ്പെട്ട ബി.ആർ.എസിന് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ലഭിച്ചിരുന്നില്ല. വിക്രാവാദിലെ കർഷകരുടെ രോക്ഷം അനുകൂലമാക്കിയാൽ തിരിച്ചുവരവ് നടത്താനാകുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടൽ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മണ്ഡലമായ കൊടങ്ങലിനടുത്താണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതിനിടെ, ദുദ്യാല, കൊടങ്ങൽ, ബോംരാസ്‌പേട്ട് മണ്ഡലങ്ങളിൽ പൊലീസ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.