തിരുവനന്തപുരം: തൈക്കാട് മോഡൽ സ്‌കൂളിൽ മൂന്ന് ദിവസമായി ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച എക്സിബിഷൻ ഇന്നലെ സമാപിച്ചു.ഇന്ത്യയുടെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ വ്യോംമിത്ര,ഭാവിയിൽ വിക്ഷേപണത്തിനുശേഷം സുരക്ഷിതമായി തിരിച്ചിറക്കാൻ കഴിയുന്ന റോക്കറ്റിന്റെ മാതൃക എന്നിവ പ്രദർശനത്തിലൂടെ ഇസ്രോ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
അറുപത് വർഷത്തെ ഐ.എസ്.ആർ.ഒയുടെ ചരിത്രം മുതൽ ഭാവിപദ്ധതികൾ വരെ കുട്ടികൾക്ക് വ്യക്തമാകുന്ന തരത്തിൽ ലളിതമായി അവതരിപ്പിക്കുന്നതായിരുന്നു പ്രദർശനം.ഇന്ത്യയിലെ ആദ്യ റോക്കറ്റായ രോഹിണി 75 മുതൽ ഉടൻ വിക്ഷേപിക്കാനൊരുങ്ങുന്ന ഗഗൻയാന്റെ വിക്ഷേപണ വാഹനമായ എച്ച്.എൽ.വി.എം 3 വരെയുള്ളവയുടെ മാതൃക പ്രദർശനത്തിലെത്തി.ചന്ദ്രയാൻ 3ന്റെ രണ്ടിലൊന്ന് വലിപ്പമുള്ള മാതൃക പ്രദർശനത്തിലെ പ്രധാന ആകർഷണമായിരുന്നു.കുട്ടികൾക്ക് ബഹിരാകാശദൗത്യങ്ങളോട് അടുപ്പം വളർത്താൻ സഹായിക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമൊരുക്കിയിരുന്നു.