landslide

തിരുവനന്തപുരം: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തിന് തിരിച്ചടിയാവും.

നിലവിലെ കണക്കുകൾ പ്രകാരം 600 ഓളം കുടുംബങ്ങൾക്ക് വീടും സ്ഥലവും കണ്ടെത്തണം. അതിന് അനുബന്ധമായി ടൗൺഷിപ്പ് നിർമ്മിക്കണം. പുനരധിവാസ പ്രവർത്തനത്തിനുള്ള സ്ഥലമെടുപ്പ്, മറ്റ് പൊതുമരാമത്ത് ജോലികൾ തുടങ്ങിയവയ്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ട്.

കേന്ദ്ര സഹായത്തിൽ കണ്ണും നട്ടിരുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി കിട്ടിയ ഇരുട്ടടിയാണ് കേന്ദ്രതീരുമാനം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദേശീയ ദുരന്തനിവാരണ സേന, വ്യോമസേന, കരസേന എന്നിവരുടെ ചെലവുകളടക്കം ഇനി സംസ്ഥാനം വഹിക്കേണ്ടിവരും. അതിതീവ്ര ദുരന്തമായി (ലെവൽ 3) പ്രഖ്യാപിച്ചാൽ പുനർനിർമ്മാണത്തിന് ലഭിക്കാവുന്ന സാമ്പത്തിക സഹായമായിരുന്നു സംസ്ഥാനത്തിന്റെ വലിയ പ്രതീക്ഷ. ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് കേന്ദ്രത്തിന് കേരളം സമർപ്പിച്ചത്.

കേരളത്തിന്റെ വേദന കണ്ടില്ല

വയനാട്ടിലേക്കാൾ താരതമ്യേന കുറഞ്ഞ ദുരിതം നേരിട്ട മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1036 കോടിയും അസമിന് 716 കോടിയും ഗുജറാത്തിന് 655.6 കോടിയും അനുവദിച്ചപ്പോഴാണ് കേരളത്തിന്റെ വേദന കാണാതെ പോയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 658 കോടിയാണ് ഇന്നലെ വരെ കിട്ടിയത്. നടപ്പു സാമ്പത്തിക വർഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം നീക്കിവച്ചിട്ടുള്ളത് 388 കോടിയാണ്. ഇതിൽ 291 കോടി കേന്ദ്രത്തിൽ നിന്നുള്ള സഹായമാണ്.